Connect with us

Kerala

തല്‍സമയ സംവാദവുമായി നേതാക്കള്‍; ഫേസ്ബുക്കില്‍ പ്രചാരണച്ചൂട്

Published

|

Last Updated

തിരുവനന്തപുരം: നാട്ടുകവലകളില്‍ ചെന്ന് രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിച്ച കാലം മാറി. എല്ലാവരും ഇന്ന് ഫേസ് ബുക്കിലാണ്. സോഷ്യല്‍ മീഡിയ നല്‍കുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന തിരക്കിലാണ് മുന്നണികള്‍.
സ്ഥാനാര്‍ഥിയായവരും ആകാന്‍ ആഗ്രഹിക്കുന്നവരും വെട്ടിപോകുമെന്ന് ഭയക്കുന്നവരും ഫേസ്ബുക്കിലൂടെ തങ്ങളുടെ ആശയും ആശങ്കയും പങ്കുവെക്കുന്നു. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയവര്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ പല ഏജന്‍സികളെയും ചുമതലപ്പെടുത്തി കഴിഞ്ഞു. യു ഡി എഫിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എല്‍ ഡി എഫ് നായകന്‍ പിണറായി വിജയനും ഫേസ്ബുക്ക് വഴി തത്സമയ വീഡിയോ ചാറ്റിംഗിലൂടെ വോട്ടര്‍മാരുമായി സംവദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ ചാറ്റിംഗ്. അറുപതിനായിരത്തോളം പേര്‍ മുഖ്യമന്ത്രിയുടെ സംവാദം തത്സമയം കണ്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അവകാശപ്പെട്ടു. ലഭ്യമായ പന്ത്രണ്ടായിരത്തോളം ചോദ്യങ്ങളില്‍ പ്രധാന്യമുള്ളവക്ക് മറുപടിയും പറഞ്ഞു. ഫേസ്ബുക്ക് സംവാദത്തിനെത്തിയവരില്‍ കൂടുതല്‍ പേരും പ്രവാസികളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
മഅ്ദനിയുടെ ജയില്‍ വാസം മുതല്‍ റബ്ബര്‍ വിലതകര്‍ച്ച വരെ മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ വിഷയമായി. തത്സമയം കാണാന്‍ കഴിയാത്തവര്‍ക്കായി വീഡിയോ ചാറ്റിംഗ് ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് പിണറായി വിജയനും ഫേസ്ബുക്ക് സംവാദം നടത്തിയത്. ചിരിക്കാറില്ലെന്നും ഗൗരവക്കാരനാണെന്നതടക്കമുള്ള വിമര്‍ശങ്ങള്‍ക്ക് പിണറായി ഫേസ്ബുക്ക് സംവാദത്തില്‍ മറുപടി നല്‍കി. ഇത്തരം ആക്ഷേപങ്ങള്‍ ചിലര്‍ തനിക്ക് ചാര്‍ത്തി തന്നതാണെന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പിണറായിയുടെ മറുപടി. നാലായിരത്തോളം ചോദ്യങ്ങളില്‍ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി നല്‍കി. സി പി എം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല. ഇടതുമുന്നണിയുടെ കാലത്ത് ക്രമസമാധാന പാലനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളമെന്നും പിണറായി വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവില്‍ പിണറായിയുടെ ആദ്യപരിപാടി തന്നെ വന്‍ വിജയമായ സാഹചര്യത്തില്‍ ഇത്തരം സംവാദങ്ങള്‍ തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഫേസ്ബുക്ക് സാധ്യതകള്‍ നേരത്തെ മുതല്‍ ഉപയോഗപ്പെടുത്തുന്ന മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും ഫേസ്ബുക്ക് സംവാദം നടത്തുന്നുണ്ട്.
ഓരോ ആഴ്ച്ചയിലും ഓരോവിഷയങ്ങളില്‍ സംവദിക്കാനാണ് തീരുമാനം. കേരള വികസനത്തിന് ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തിലാണ് ഐസക്കിന്റെ ആദ്യഫേസ്ബുക്ക് സംവാദം.

Latest