Connect with us

Kerala

ബാലനീതി നിയമം: അനാഥാലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ, അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് സാമൂഹികനീതി വകുപ്പ് ഇറക്കിയ ഉത്തരവ് ദുരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. കുട്ടികളുടെ പ്രവേശനം, സ്ഥാപന നടത്തിപ്പ് തുടങ്ങിയവയില്‍ അപ്രായോഗിക നിര്‍ദേശങ്ങളാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് മുന്നോട്ടുവെക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജെ ജെ ആക്ടില്‍ കൂടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് സാമൂഹികനീതി വകുപ്പിന്റെ ഉത്തരവ്. ഒരേ സ്ഥാപനങ്ങള്‍ രണ്ട് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുകയാണ്.
കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന് വേണ്ടി പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളും ഓര്‍ഫനേജുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 34(3)ലെ വ്യവസ്ഥ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഓര്‍ഫനേജ് ആക്ടില്‍ ഹോം എന്നത് നിര്‍വചിച്ചിരിക്കുന്നത് കെയര്‍, പ്രൊട്ടക്ഷന്‍, വെല്‍ഫയര്‍ എന്നിവക്ക് വേണ്ടി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനമെന്നാണ്. ഇത്തരം സ്ഥാപനങ്ങളിലെ പ്രവേശന മാനദണ്ഡം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുടുംബ വാര്‍ഷിക വരുമാനമാണ്.
ജെ ജെ ആക്ടിന് കീഴില്‍ വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും മറ്റു കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ഓര്‍ഫനേജ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നുമാണ് 2012 ഫെബ്രുവരി പതിനൊന്നിന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഓര്‍ഫനേജ് ആക്ടിലെയും ജെ ജെ ആക്ടിലെയും വ്യവസ്ഥകള്‍ ഒന്നാണെന്ന നിലയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് പകരം ഉത്തരവ് അതേപടി നടപ്പാക്കും വിധമാണ് സര്‍ക്കാര്‍ വിജ്ഞാപനം.
ഇതോടെ ജെ ജെ ആക്ട് അനുശാസിക്കും വിധമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനാഥലയങ്ങളില്‍ ഒരുക്കണം. മതപരമായ പശ്ചാത്തലം കൂടിയുള്ളതാണ് കേരളത്തിലെ ഭൂരിഭാഗം അനാഥലയങ്ങളും. ജെ ജെ ആക്ട് വരുന്നതോടെ ഈ ഘടനക്ക് മാറ്റം വരുത്തേണ്ടി വരും. ഡോക്ടര്‍മാര്‍ മുതല്‍ യോഗ ട്രെയിനര്‍മാര്‍ വരെയുള്ളവരുടെ സേവനം അനാഥലയങ്ങളില്‍ ഉറപ്പ് വരുത്തണമെന്നാണ് ജെ ജെ ആക്ടിലെ മറ്റൊരു നിര്‍ദേശം. ജീവനക്കാരുടെ വേതനം സംബന്ധിച്ച നിര്‍ദേശങ്ങളും സ്ഥാപന നടത്തിപ്പിനെ ബാധിക്കും. ജെ ജെ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും മേലധികാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജെ ജെ ആക്ടില്‍ വ്യവസ്ഥയുണ്ട്.
പുതിയ ഉത്തരവ് വന്നതോടെ അനാഥാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കീഴിലുള്ള സ്ഥാപന മേധാവികള്‍ ഇന്ന് കോഴിക്കോട് യോഗം ചേരും.

ഉത്തരവ് പിന്‍വലിക്കണം:കാന്തപുരം

കോഴിക്കോട്: അനാഥ, അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഓര്‍ഫനേജ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജെ ജെ ആക്ട് അനുസരിച്ചും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം യുക്തമല്ല. പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ആയിരക്കണക്കിന് അനാഥാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ നടത്തിപ്പ് തടസ്സപ്പെടുംവിധമുള്ള ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ നിയമനിര്‍മാണത്തിലൂടെ പ്രതിസന്ധി മറികടക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Latest