ദുബൈ വിമാനത്താവളങ്ങളെ നിരീക്ഷിക്കാന്‍ 9,221 ക്യാമറകള്‍

Posted on: March 25, 2016 2:46 pm | Last updated: March 29, 2016 at 6:39 pm

slider-dubai-international-airport-483b7c8dദുബൈ: ലോകത്തിലെ എണ്ണപ്പെട്ട വിമാനത്താവളങ്ങളില്‍ പെടുന്ന ദുബൈ എയര്‍പോര്‍ട്ടുകള്‍ നിരീക്ഷിക്കാന്‍ 9,221 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതായി എയര്‍പോര്‍ട് സുരക്ഷാ വിഭാഗം. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്രയും ക്യാമറകള്‍ നിയന്ത്രിക്കുന്നത് എയര്‍പോര്‍ട്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിഭാഗത്തിന്റെ ഓപറേഷന്‍ റൂമില്‍ നിന്നാണ്. ദുബൈ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സെന്‍ട്രല്‍ ഓപറേഷന്‍ റൂമിലെ നിയന്ത്രണത്തിനു പുറമെയാണിത്.
ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായി മാറിയ ദുബൈ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി 4,800 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിച്ചുവരുന്നത്. എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ ശരീര ഭാഷാജ്ഞാനമുള്ളവരുള്‍പെടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളായാണ് 5,000 ത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ പ്രവര്‍ത്തിച്ചുവരുന്നത്. നിരോധിത വസ്തുക്കളുമായെത്തുന്ന യാത്രക്കാരെ കേവലം 20 സെക്കന്റുകള്‍കൊണ്ട് കണ്ടെത്താവുന്ന സ്മാര്‍ട് സംവിധാനം സുരക്ഷയുടെ ഭാഗമായി ഈയടുത്താണ് ദുബൈ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. നേരത്തെ 20 മിനിറ്റുകൊണ്ടായിരുന്നു ഇത് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഉടമസ്ഥരില്ലാത്ത 57,115 വസ്തുക്കളാണ് ദുബൈ വിമാനത്താവളങ്ങളില്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1,053 പരാതികളും ലഭിച്ചു. പരാതികള്‍ ഒന്നുപോലുമില്ലാതെ പരിഹരിക്കപ്പെടുകയും അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്തുവെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ദുബൈ വിമാനത്താവളത്തില്‍ നിലവില്‍ 130 വിമാനക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും ഇത് സുരക്ഷാ വിഭാഗത്തിന്റെ സേവന മേഖലയും ഉദ്യോഗസ്ഥരുടെ എണ്ണവും വ്യാപിപ്പിക്കാന്‍ ഇടയാക്കിയെന്നും സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹിജ് പറഞ്ഞു.