വീട്ടു തടങ്കലിലെന്ന ഗോസിപ്പ്: പുനത്തിലിനെ കാണാന്‍ മയ്യഴിയുടെ കഥാകാരനെത്തി

Posted on: March 25, 2016 6:01 am | Last updated: March 25, 2016 at 12:23 am
പുനത്തില്‍ കുഞ്ഞബ്ദുല്ലയെ കാണാന്‍ എം മുകുന്ദന്‍ കോഴിക്കോട്ടെ ഫ്‌ളാറ്റിലെത്തിയപ്പോള്‍
പുനത്തില്‍ കുഞ്ഞബ്ദുല്ലയെ കാണാന്‍ എം മുകുന്ദന്‍ കോഴിക്കോട്ടെ ഫ്‌ളാറ്റിലെത്തിയപ്പോള്‍

കോഴിക്കോട്: താമശകളും പൊട്ടിച്ചിരികളുമായി മലയാള സാഹിത്യത്തിലെ കുലപതികളായ പുനത്തില്‍ കുഞ്ഞബ്ദുല്ലയും എം മുകുന്ദനും തമ്മില്‍ ഹൃദ്യമായ കൂടിക്കാഴ്ച. പുനത്തില്‍ കുഞ്ഞബ്ദുല്ല വീട്ടുതടങ്കലിലാണെന്ന് നേരത്തെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രോഗശയ്യയില്‍ കഴിയുന്ന തന്റെ അടുത്ത സുഹൃത്തിനെ കാണാന്‍ മുകുന്ദന്‍ ഇന്നലെ രാവിലെ 11 മണിയോടെ കോഴിക്കോട്ടെ ഫഌറ്റിലെത്തിയത്.
ഇരുവരുടെയും കൂടിക്കാഴ്ച അറിഞ്ഞ് ഫഌറ്റിലേക്ക് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് പുനത്തില്‍ വീട്ടു തടങ്കലിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാക്ക മകള്‍ നാസിമയോടൊത്ത് ഇവിടെ സന്തോഷത്തിലാണെന്നും മുകുന്ദന്‍ പറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മറ്റൊരാളുടെ സഹായം പുനത്തിലിന് ആവശ്യമാണ്. അതിനാലാണ് വീട്ടില്‍ തന്നെ കഴിയുന്നത്. ഫഌറ്റിലെ പത്താമത്തെ നിലയിലാണ് താമസിക്കുന്നത്. അവിടെ നിന്നും കോഴിക്കോടിന്റെ മനോഹരമായ കാഴ്ചകള്‍കണ്ട് അദ്ദേഹം ആസ്വദിക്കുകയാണെന്നും മുകുന്ദന്‍ പറഞ്ഞു. മുകുന്ദന് പിന്നാലെ ഒരുംകൂട്ടം മാധ്യമ പ്രവര്‍ക്കര്‍ ഫഌറ്റിനുള്ളിലേക്ക് വരുന്നത് കണ്ട് പുനത്തില്‍ ആദ്യമൊന്ന് അമ്പരന്നു. അമ്പരപ്പ് മനസിലാക്കി നിനക്ക് ജ്ഞാനപീഠം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇവരെല്ലാം എത്തിയതെന്നും മുകുന്ദന്‍ പറഞ്ഞത് ചിരി പടര്‍ത്തി. കൂടിക്കാഴ്ച അഞ്ച് മിനുട്ട് നീണ്ടുനിന്നു. മുകുന്ദന്‍ പറയുന്ന ഓരോ കാര്യങ്ങള്‍ക്കും നര്‍മത്തില്‍ ചാലിച്ച മറുപടിയാണ് കുഞ്ഞാക്ക നല്‍കിയത്. തനിക്ക് 21 വയസുള്ളപ്പോള്‍ ഡല്‍ഹിയില്‍വെച്ചാണ് ആദ്യമായി കുഞ്ഞാക്കയെ കാണുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. പനിപിടിച്ച് റൂമില്‍ കിടക്കുകയായിരുന്ന തന്നെ കാണാന്‍ കുഞ്ഞാക്ക എത്തുകയായിരുന്നു.
അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അതേപോലെയുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. എന്നാല്‍ താന്‍ അന്ന് ഡല്‍ഹിയിലെ റൂമില്‍ കണ്ടത് ഒരു കൊതുകിനെയായിരുന്നു. അവിടെ ചെല്ലുമ്പോള്‍ റൂമില്‍ മുകുന്ദനെ കാണാനില്ലായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു കൊതുകിനേപ്പോലെ മുകുന്ദന്‍ കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടതെന്ന് പുനത്തിലിന്റെ മറുപടിയും പെട്ടന്നായിരുന്നു.
ഇനിയും നമുക്ക് കുറേ അവാര്‍ഡുകള്‍ വാങ്ങിക്കണമെന്നും അടുത്ത പുലിറ്റ്‌സര്‍ അവാര്‍ഡ് നമുക്കാണെന്നും മുകുന്ദന്‍ പറഞ്ഞു. എന്തായാലും അവാര്‍ഡ് നമുക്ക് വാങ്ങിക്കാമെന്നും പക്ഷേ ഈ പുലിറ്റ്‌സറിലെ പുലി എവിടെ നിന്നാണ് വന്നതെന്ന് മനസിലായില്ലെന്നുമായിരുന്നു കുഞ്ഞാക്കയുടെ മറുപടി. ഏറെ അവശനായ പുനത്തില്‍ ഒടുവില്‍ തനിക്ക് കിടക്കണമെന്ന് പറഞ്ഞ് പതിയെ വീല്‍ചെയറിന്റെ സഹായത്തോടെ റൂമിനുള്ളിലേക്ക് മടങ്ങിയതോടെയാണ് ആ സൗഹൃദ സംഭാഷണം അവസാനിച്ചത്.
കുഞ്ഞാക്കയെപ്പോലാകാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് മുകുന്ദന്‍ പറഞ്ഞു. സമ്പത്തും, സൗന്ദര്യവും ധാരാളമുണ്ടായിരുന്ന കുഞ്ഞാക്കയെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന് ആരോഗ്യം നഷ്ടപ്പെട്ടു. എങ്കിലും മനസിന്റെ കരുത്ത് ചോര്‍ന്നിട്ടില്ല. വാര്‍ധക്യത്തിലും യൗവനം കാത്തുസൂക്ഷിച്ചയാളാണ് കുഞ്ഞാക്ക. ഇപ്പോള്‍ എഴുതാന്‍ പേന പിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. എഴുതിയില്ലെങ്കിലും പറഞ്ഞു കൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.