അന്താരാഷ്ട്ര ഭക്ഷ്യ മേളയില്‍ ജല ടാക്‌സികളും

Posted on: March 24, 2016 9:39 pm | Last updated: March 24, 2016 at 9:39 pm

qiffദോഹ: ഖത്വര്‍ അന്താരാഷ്ട്ര ഭക്ഷ്യ മേളയിലെ വിവിധ വേദികളിലേക്ക് പോകുന്നതിന് ജലടാക്‌സി ഒരുക്കി സംഘാടകര്‍. ആദ്യമായാണ് ഖത്വര്‍ അന്താരാഷ്ട്ര ഭക്ഷ്യ മേളയില്‍ ജലടാക്‌സി ഒരുക്കിയത്. മൂന്ന് വേദികളാണ് മേളയിലുള്ളത്.
പ്രധാന വേദിയായ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് (എം ഐ എ) പാര്‍ക്ക്, കതാറ, പേള്‍ ഖത്വര്‍ എന്നീ വേദികളിലേക്ക് പോകുന്നതിന് നാല് ജല ടാക്‌സികളാണ് ഒരുക്കിയത്. ഓരോന്നിലും പത്ത് വീതം യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒരാള്‍ക്ക് 25 ഖത്വര്‍ റിയാല്‍ (വണ്‍വേ) വീതമാണ് നിരക്ക്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയാണ് അവലംബിക്കുന്നത്. വൈകുന്നേരം നാല് മുതല്‍ രാത്രി 9.15 വരെയാണ് ജലടാക്‌സികളുടെ സമയം. സീറ്റും സമയവും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. കുട്ടികള്‍ക്ക് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാലാണ് ഇത്തവണ ഏറെ ഉപകാരപ്പെടുന്ന രീതിയില്‍ ജല ടാക്‌സി ഒരുക്കിയതെന്നും മേളയുടെ ഡയറക്ടര്‍ മശാല്‍ ശഹ്ബിക് പറഞ്ഞു. രണ്ട് കമ്പനികളാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തുന്നത്.
ഷട്ടില്‍ ബസ്, ലിമൂസിന്‍, യുബര്‍ സര്‍വീസുകളും ലഭ്യമാണ്. ദോഹ മാരിയറ്റ് ഹോട്ടലിന്റെ എതിര്‍വശത്തോ ഓള്‍ഡ് ദോഹ എയര്‍പോര്‍ട്ട് അറൈവല്‍ പാര്‍ക്കിംഗ് സ്ഥലത്തോ ഫെസ്റ്റിവലിന് എത്തുന്നവര്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യാം. ഈ രണ്ട് പാര്‍ക്കിംഗ് ഏരിയകളിലും 35 റിയാലിന് ലിമൂസിന്‍ സര്‍വീസ് ലഭ്യമാണ്. ആദ്യ രണ്ട് റൈഡുകള്‍ക്ക് യുബര്‍ 50 റിയാലിന്റെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. പുതിയ ഉപയോക്താക്കള്‍ക്ക് പ്രൊമോ കോഡ് ആയി QIFF16 ഉപയോഗിക്കാം.