Connect with us

Gulf

എണ്ണ വിലയിടിവിന്റെ ഇരകളാകുക ഗള്‍ഫിലെ പ്രവാസികളെന്ന് യു എന്‍

Published

|

Last Updated

ദോഹ : ആഗോള വിപണിയിലെ എണ്ണവിലക്കുറവിന്റെ വലിയ ഇരകളാകുക ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹികകാര്യ വിഭാഗം റിപ്പോര്‍ട്ട്. ഗള്‍ഫില്‍ സഊദി അറേബ്യയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിക്കുക. രണ്ടാംസ്ഥാനത്ത് യു എ ഇ ആയിരിക്കും. ഇത് മധ്യ പൂര്‍വദേശത്തെയും കിഴക്ക് ഏഷ്യയിലെയും പിന്നാക്ക രാജ്യങ്ങളെ കൂടുതല്‍ കൂടുതല്‍ പിന്നാക്കാവസ്ഥിയിലേക്കു നയിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എണ്ണമേഖലയിലുണ്ടായ ഉയര്‍ച്ചയെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ചേക്കേറിയത്. പിന്നാക്ക രാജ്യങ്ങളില്‍നിന്നായിരുന്നു അധികവും. ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ മൈഗ്രന്റ് സ്റ്റോക്ക് റിപ്പോര്‍ട്ട് അനുസരിച്ച് സഊദിയില്‍ 2000ല്‍ 53 ലക്ഷം വിദേശികള്‍ മാത്രമുണ്ടായിരുന്നത്. 2015ല്‍ 102 ലക്ഷമായാണ് ഉയര്‍ന്നത്. ലോകത്ത് ഏറ്റവുമധികം വിദേശികളെ വഹിക്കുന്ന രാജ്യമാണ് സഊദി. അമേരിക്കയില്‍ 47 ദശലക്ഷവും ജര്‍മനിയിലും റഷ്യയിലും 12 ദശലക്ഷം വീതവുമാണ് വിദേശികള്‍. സഊദിയില്‍ 2000ല്‍ ജനസംഖ്യയുടെ 25 ശതമാനമായിരന്നു വിദേശികളെങ്കില്‍ ഇപ്പോഴത് 32 ആണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 19 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് സഊദി അഭയം നല്‍കിയത്. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തൊട്ടു പിറകിലുണ്ട്. ഇവര്‍ അയക്കുന്ന പണം അതതു രാജ്യത്തിന്റെ സമ്പദ്ഘടനക്കു ഉണര്‍വു നല്‍കി.
എന്നാല്‍, എണ്ണ വിലയിടിവും ഒപ്പം സ്വദേശികളുടെ തൊഴില്‍ രാഹിത്യ പ്രശ്‌നംകൂടി നേരിടുമ്പോള്‍ വിദേശികളുടെ അവസരങ്ങള്‍ ഭീഷണിമുനയിലാണ്. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നിഗമനം അനുസരിച്ച് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. സ്വേദേശിവത്കരണത്തിന്റെ ഭാഗമായി സഊദിയില്‍ നടപ്പിലാക്കിയ നിതാഖാത്ത് നിയമം നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടുത്തിയിരുന്നു. എണ്ണ വിലയിടിവിനെത്തുടര്‍ന്ന് രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരതക്കു വേണ്ടി ഗള്‍ഫ് നാടുകള്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ വിദേശ തൊഴിലാളികളെ കുറക്കുക എന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഗള്‍ഫ് നാടുകളില്‍ ആകെ 253 ലക്ഷം പ്രവാസികളുണ്ടെന്നാണ് യു എന്‍ കണക്ക്. സഊദി 101, യു എ ഇ 81, കുവൈത്ത് 29, ഒമാന്‍ 18, ഖത്വര്‍ 17, ബഹ്‌റൈന്‍ ഏഴ് ലക്ഷം വീതമാണ് വിദേശികള്‍. ഇതില്‍ 80 ലക്ഷം പേര്‍ ഇന്ത്യക്കരാണ്. പാക്കിസ്ഥാന്‍ 30, ബംഗ്ലാദേശ് 30, ഈജിപ്ത് 20, ഇന്തോനേഷ്യ 18 ലക്ഷം വീതവും പൗരന്‍മാരെ ഗള്‍ഫിലേക്ക് അയക്കുന്നു. അതുകൊണ്ടു തന്നെ ഗള്‍ഫ് തൊഴില്‍ മേഖലയിലുണ്ടാകുന്ന തിരിച്ചടികള്‍ ഈ രാജ്യങ്ങളെയാണ് സാരമായി ബാധിക്കുക. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങളെ മാത്രമല്ല, അവരുടെ രാജ്യത്തെ തന്നെ ബാധിക്കുമെന്നാണ് നിരീക്ഷണങ്ങള്‍. പ്രവാസികളില്‍ വലിയൊരു ശതമാനവും പരുഷന്‍മാരും യുവാക്കളുമാണ്.
ആറു ഗള്‍ഫ് രാജ്യങ്ങളും എണ്ണയെ ആശ്രയിച്ചുള്ള സാമ്പത്തിക ശക്തികളാണെന്നത് വിദേശികളുടെ ഭാവി കൂടുതല്‍ അപകടത്തിലാക്കുന്നു. രാജ്യങ്ങളിലെ സാമൂഹിക സുരക്ഷക്കു മേല്‍ ഉയര്‍ത്തുന്ന ഭീഷണി കൂടിയായി എണ്ണവിലക്കുറവ് പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനകം ഖത്വര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നൂറു കണക്കിനു ജീവനക്കാരെ പിരിച്ചു വിട്ടു കഴിഞ്ഞു.

Latest