കേസുകള്‍ പാരയായി; എം വി നികേഷ് കുമാറിന് സീറ്റില്ല

Posted on: March 24, 2016 7:19 pm | Last updated: March 24, 2016 at 7:29 pm

mv nikeshkumarകണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാറിന്റെ നീക്കം പാളി. ചാനലുമായി ബന്ധപ്പെട്ട വഞ്ചനാ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാതെ വന്നതോടെ മണ്ഡലത്തില്‍ നികേഷിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. മണ്ഡലത്തിലേക്ക് പൊതു സ്വീകാര്യനായ സ്വതന്ത്രനെ കണ്ടെത്തുവാനാണ് തീരുമാനം. പാര്‍ട്ടി ചിഹ്നത്തില്‍ പൊതു സ്വീകാര്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാകുമോ എന്ന കാര്യവും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

അഴീക്കോട് മണ്ഡലത്തില്‍ യുവ നേതാവ് കെ എം ഷാജിയെ ഇറക്കിയാണ് മുസ്‌ലിം ലീഗ് ഇത്തവണയും പോരിനിറങ്ങുന്നത്. ഷാജിയെ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥിയെ തേടിയുള്ള സിപിഎമ്മിന്റെ അന്വേഷണമാണ് നികേഷിന്റെ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളില്‍ ചെന്നെത്തിയത്. എന്നാല്‍ നികേഷിന് എതിരെയുള്ള വഞ്ചനാ കേസുകള്‍ ഈ തീരുമാനം തിരുത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുകയായിരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടി ഇടപെട്ട് നടത്തിയ ചര്‍ച്ചകളും വിജയിച്ചിരുന്നില്ല. അതിനിടെ സിപിഎം പ്രാദേശിക നേതൃത്വത്തില്‍ ചിലരും നികേഷിനെതിരെ രംഗത്ത് വന്നിരുന്നു. ഇതും നികേഷിനെ മാറ്റാന്‍ പാർട്ടിയെ പ്രേരിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഹരി ഉടമയും ചാനല്‍ വൈസ് ചെയര്‍മാനുമായിരുന്ന ലാലി ജോസഫ് നല്‍കിയ വഞ്ചനാ കേസാണ് നികേഷിന് വിനയായത്. ഒന്നര കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് നികേഷിനും ഭാര്യ റാണിക്കും എതിരെ അവര്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അതേസമയം രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നികേഷ് സ്ഥാനാര്‍ഥിയായേക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞുകേട്ടിരുന്നു. എകെജി സെന്ററില്‍ എത്തിയും അല്ലാതെയും സിപിഎം നേതൃത്വവുമായി നികേഷ് പലതവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് തടയാന്‍ നടത്തിയ ആസൂത്രിത നീക്കമായാണ് കേസിനെ വിലയിരുത്തുന്നത്.