Connect with us

Gulf

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാല് ലക്ഷം

Published

|

Last Updated

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ഇടത് കാല്‍മുട്ടിന് സാരമായ പരുക്കേറ്റ മലപ്പുറം സ്വദേശിയായ യുവാവിന് നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധിച്ചു.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ അബ്ദുല്‍ റശീദിനാണ് നഷ്ടപരിഹാരം. ദുബൈയിലെ ഒരു ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലിചെയ്തു വരികയായിരുന്നു റശീദ്. 2014 സെപ്തംബര്‍ രണ്ടിന് റോഡിന്റെ മറു വശത്ത് നില്‍ക്കുകയായിരുന്ന റശീദിനെ ഒരു ഇന്ത്യക്കാരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടത് കാല്‍ മുട്ടിന് സാരമായ പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. 27 ദിവസത്തോളം റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. ശേഷം നാട്ടിലെത്തിക്കുകയും ചികിത്സ തുടരുകയും ചെയ്തു.
നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനായി ദുബൈയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശം തേടുകയും അദ്ദേഹം ദുബൈ അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സ് മുഖേന നാലര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ഈ കേസിലാണ് നാല് ലക്ഷം ദിര്‍ഹം (ഏകദേശം 72 ലക്ഷം രൂപ) നഷ്ടപരിഹാരവും ഒമ്പത് ശതമാനം പലിശ സഹിതം റശീദിന് നല്‍കാനും കോടതി അല്‍ ദഫ്‌റ ഇന്‍ഷ്വറന്‍സിനെതിരെ വിധി പുറപ്പെടുവിച്ചത്.