കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധിപ്പിച്ചു

Posted on: March 24, 2016 9:33 am | Last updated: March 24, 2016 at 9:33 am

daന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി എ) ആറ് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 119 ശതമാനം ഉണ്ടായിരുന്ന ഡി എ 125 ശതമാനമായി ഉയര്‍ന്നു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ 113 ശതമാനമായിരുന്ന ഡി എ ആറ് ശതമാനം വര്‍ധിപ്പിച്ച് 119 ആക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഡി എ ആറ് ശതമാനം വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ ഒരു കോടിയിലേറെ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വന്‍ധനയുടെ പ്രയോജനം ലഭിക്കും. രാജ്യത്തെ 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 55 ലക്ഷം പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്കും വര്‍ധിച്ച ഡി എ അടക്കമുള്ള പുതുക്കിയ ശമ്പളം ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. പുതിയ തീരുമാനം വഴി സര്‍ക്കാറിന് ഒരു വര്‍ഷം 14,700 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്.