പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി ‘കുഞ്ച്‌രാമ്പള്ളം’

Posted on: March 23, 2016 6:50 pm | Last updated: March 23, 2016 at 6:50 pm

KUNCHRAMPALLAM2പ്രകൃതിയെ കേവലം ഉപഭോഗവസ്തു മാത്രമായാണ് മനുഷ്യന്‍ ഇന്ന് കാണുന്നത്. കച്ചവടത്തിനും പണമുണ്ടാക്കാനും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളിക്കുന്ന വേനല്‍ ചൂടും കുടിവെള്ള ക്ഷാമവും കനത്ത പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുമ്പോഴും നാം കണ്ണ് തുറക്കുന്നില്ല. അതിരൂക്ഷമായ വേനല്‍ ഒരു പച്ച യാഥാര്‍ഥ്യമായി നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് കുഞ്ച്‌രാമ്പള്ളം

വനസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും കഥ പറയുന്ന ഒരു പരിസ്ഥിതി നോവലാണ് കുഞ്ച്‌രാമ്പള്ളം. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതിനൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും നോവല്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കാട്ടുവാസികളുടെയും അവരുടെ അധിവാസകേന്ദ്രമായ കാടിന്റെയും പ്രകൃതിയുടെയും നദിയുടേയും സംരക്ഷണത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഈ നോവല്‍.

ഹരിതാഭമായിരുന്ന പല വനങ്ങളും അകാല ചരമമടഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ജലസ്രോതസുകളുടെ അനിയന്ത്രിതമായ ചൂഷണവും വനനശീകരണവുമാണ് ഈ അവസ്ഥ്ക്ക് കാരണം. ഒരു മഴയുടെ താളം തെല്ലൊന്ന് പിഴ്ക്കുമ്പോഴും വേനല്‍ ചൂടില്‍ വേവുമ്പോഴും, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ നടക്കുമ്പോഴും ഒക്കെ മനുഷ്യന്‍ പറയും, പ്രകൃതി ചതിച്ചുവെന്ന്. എന്നാല്‍ അവര്‍ പ്രകൃതിയോട് ചെയ്യുന്ന ചതികളുടെ ആഴവും പരപ്പും എത്രയാണെന്ന് നോവല്‍ കാട്ടിത്തരുന്നു. പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുമാണ് ഈ നോവലിന്റെ രചയിതാക്കള്‍.