വിജയകാന്ത് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Posted on: March 23, 2016 1:40 pm | Last updated: March 23, 2016 at 1:40 pm

VIJAYA KANTHചെന്നൈ: ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്ത് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ജനകീയ ക്ഷേമ മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചു. 124 സീറ്റുകളിലാണ് ഡിഎംഎഡികെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ബാക്കി സീറ്റുകളില്‍ ജന ക്ഷേമ മുന്നണിയിലെ മറ്റ് ഇടത് പാര്‍ട്ടികള്‍ മത്സരിക്കും.

വൈക്കോയുടെ എം.ഡി.എം.കെ, വിസികെ, സിപിഐഎം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് ഡി.എം.ഡി.കെയുമായി ഒരുമിച്ച ചേര്‍ന്ന് ജനക്ഷേമ മുന്നണിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. എം.ഡി.എം.കെ നേതാവ് വൈക്കോ, വി.സി.കെ ലീഡര്‍ തിരുമാവലവന്‍, സി.പി.ഐ.എം നേതാവ് ജി രാമകൃഷ്ണന്‍ എന്നിവര്‍ വിജയകാന്തിന്റെ ചെന്നൈയിലുള്ള ഓഫീസിലെത്തി ചര്‍ച്ച നടത്തിയതിനുശേഷമാണ് സംഖ്യം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. 234 നിയമസഭാ സീറ്റുകളില്‍ 124 സീറ്റുകളിലാണ് ഡിഎംഡികെ മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മത്സരിക്കും.

വൈകോയുടെ എംഡിഎംകെ ഡിഎംഡികെയുമായി സഖ്യത്തിനാവശ്യപ്പെട്ടെങ്കിലും ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന ആവശ്യം എംഡിഎംകെ തള്ളി. ഇതോടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചകളില്‍ ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കണ്ട് സംയുക്തമായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.2011 ലെ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയുമായി ചേര്‍ന്ന് 41 മണ്ഡലങ്ങളില്‍ മത്സരിച്ച ഡിഎംഡികെ 29 സീറ്റില്‍ ജയിച്ച് പ്രതിപക്ഷമായി മാറിയിരുന്നു.