തുടര്‍ച്ചയായി ജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ല:കെ മുരളീധരന്‍

Posted on: March 23, 2016 1:31 pm | Last updated: March 23, 2016 at 5:38 pm

K-Muraleedharanകൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കെ.മുരളീധരന്‍ രംഗത്ത്. പ്രായമായവരും, നാല് തവണ എം.എല്‍.എ ആയവര്‍ മാറി നില്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയെ മുരളീധരന്‍ വിമര്‍ശിച്ചു. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്നും, ജനങ്ങളുടെ അംഗീകാരം നേടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രഹസ്യമായി പറയണം, അല്ലാതെ മുഖ്യമന്ത്രി അറിയും മുന്‍പ് നാട്ടുകാരെ അറിയിക്കരുതെന്നും, വാര്‍ത്തയാക്കാന്‍ ആരും മലര്‍ന്നു കിടന്ന് തുപ്പരുതെന്നും മുരളീധരന്‍ വ്യക്തമാക്കി.

കൂടാതെ ഈ എംഎല്‍എമാര്‍ മത്സരിക്കണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും സ്വയം മാറിനില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു.

ഇത്തവണ നിയമസാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ടി.എന്‍.പ്രതാപന്‍ എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്നു തവണ തുടര്‍ച്ചയായി എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കിയിരുന്നു. പ്രതാപന്റെ നിലപാട് മതിപ്പുളവാക്കുന്നതാണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വ്യഗ്രത കാട്ടുന്ന വിഎസിനേപ്പോലുള്ളവര്‍ക്ക് ഇത് മാതൃകയാണെന്നും സുധീരനും പ്രതികരിച്ചിരുന്നു.