സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കി

Posted on: March 23, 2016 6:22 am | Last updated: March 23, 2016 at 10:50 am

santhosh madhavanതിരുവനന്തപുരം:വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത 118 ഏക്കര്‍ ഭൂമി അദ്ദേഹം ഉള്‍പ്പെട്ട സ്വകാര്യ കമ്പനിക്ക് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തൊണ്ണൂറ് ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള എം ഇ സെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഐ ടി പാര്‍ക്ക് തുടങ്ങാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഭൂമി നല്‍കിയതെന്നും ഉത്തരവില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
നേരത്തെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് നികത്താന്‍ അനുമതി നല്‍കി കൈമാറിയത്. ഈ ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൈമാറാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. ഈ ഭൂമിയില്‍ പുറമ്പോക്കും മിച്ചഭൂമിയും ഉള്‍പ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൂടാതെ 18 ഏക്കറോളം ശരിയായ രേഖകളില്ലാതെ സന്തോഷ് മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈവശപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.
ഐ ടി വ്യവസായത്തിനെന്ന വ്യാജേനയാണ് ഒത്തുകളി. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും ഈ സര്‍ക്കാര്‍ തന്നെ രണ്ട് തവണയും ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, തൃശൂര്‍ ജില്ലയിലെ മാള എന്നിവിടങ്ങളിലാണ് പിതിച്ചു നല്‍കാന്‍ ഉത്തരവിട്ട 118 ഏക്കര്‍. 2009ലാണ് സംസ്ഥാന സര്‍ക്കാര്‍ മിച്ചഭൂമിയായി ഇത് ഏറ്റെടുത്തത്. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ എറണാകുളത്തെ പുത്തന്‍വേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളിലെ 127 ഏക്കര്‍ നെല്‍വയല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പിടിച്ചെടുത്ത് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയിരുന്നു.
ആദര്‍ശ് പ്രൈം പ്രോജക്ട് എന്ന പേരില്‍ 2013ലാണ് കമ്പനി ഭൂമിക്കായി അനുമതി തേടിയത്. തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണ നിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാറിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ ജില്ലാ സമിതികളോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കമ്പനിയുടെത് പൊതുതാത്പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താത്പര്യമാണെന്നുമായിരുന്നു ജില്ലാതല സമതികളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂ വകുപ്പ് ഉത്തരവിറക്കി.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചത്. നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തൊണ്ണൂറ് ശതമാനവും നിലമായ ഭൂമി തരം മാറ്റി പാട്ടത്തിന് നല്‍കാനോ, വില്‍പ്പന നടത്തുവാനോ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. കൃഷിഫുഡ് പാര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ വന്‍തോതില്‍ നിലം നികത്തുന്നത് നിയമലംഘനമാകുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കിയിരുന്നു.