കോണ്‍ഗ്രസിനും ബി ജെ പിക്കും ഭീഷണിയായി അസാമില്‍ എ ഐ യു ഡി എഫ്

Posted on: March 23, 2016 5:48 am | Last updated: March 23, 2016 at 12:50 am

badrudheen ajmalഗുവാഹതി: ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എ ഐ യു ഡി എഫിന്റെ നീക്കങ്ങളാണ് അസാമിലെ രാഷ്ട്രീയ മേഖല ഉറ്റു നോക്കുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്‌ലിം വിഭാഗത്തിന്റെ ശബ്ദമായി മാറിയ മൗലാന ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഇക്കുറി അസാമാന്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും അസാം രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായി മാറാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
പാര്‍ട്ടിയായി പ്രഖ്യാപിച്ച് ആറ് മാസത്തിന് ശേഷം 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ പത്ത് സീറ്റ് നേടി അരങ്ങേറ്റം കുറിച്ച പാര്‍ട്ടിക്ക് 126 അംഗ സഭയിലിപ്പോള്‍ 18 അംഗങ്ങളുണ്ട്. മോദി തരംഗം ആഞ്ഞടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ മൂന്ന് സീറ്റ് നേടി വിസ്മയം സൃഷ്ടിക്കാനും ബദ്‌റുദ്ദീന്റെ പാര്‍ട്ടിക്കായി.
കാലങ്ങളായി കോണ്‍ഗ്രസ് വരുതിയിലാക്കിയ ബംഗാളി മുസ്‌ലിംകളുടെ വോട്ടാണ് എ ഐ യു ഡി എഫിന്റെ ഉദയത്തോടെ നിലച്ചത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കവസ്ഥയിലൂള്ള മുസ്‌ലിം സമുദായത്തെ കാലങ്ങളായി കോണ്‍ഗ്രസ് ഭരണകൂടം വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ എ ഐ യു ഡി എഫ് കോണ്‍ഗ്രസിന്റെ ബദ്ധശത്രുക്കളാണ്. സമുദായത്തിന്റെ ഉന്നമനത്തിനായി ബദ്‌റുദ്ദീന്റെ പാര്‍ട്ടി വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തിയത് വോട്ട് നില ഭദ്രമാക്കാന്‍ പാര്‍ട്ടിയെ സഹായിക്കും.
കോണ്‍ഗ്രസുമായാണ് ശത്രുതയെങ്കിലും ബി ജെ പിയോട് സന്ധിയിലേര്‍പ്പെടാന്‍ എ ഐ യു ഡി എഫിന് സാധിക്കുകയില്ല. ഇക്കാരണത്താല്‍ ഇന്നലെ നടന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിനാണ് പാര്‍ട്ടിയുടെ എം എല്‍ എമാര്‍ വോട്ട് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഭരണത്തിലേറുന്ന അവസ്ഥ വന്നാല്‍ ഉപാധികളോടെ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചന കൂടിയാണ് എം എല്‍ എമാര്‍ നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടിട്ടില്ല.
അതേസമയം, ബി ജെ പിക്കും കോണ്‍ഗ്രസിനും ഭീഷണിയായി ആര്‍ ജെ ഡി, ജെ ഡി യു എന്നിവരുമായി എ ഐ യു ഡി എഫ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. 70ലധികം മണ്ഡലങ്ങളില്‍ എ ഐ യു ഡി എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് സീറ്റുകളില്‍ വീതം ആര്‍ ജെ ഡി, ജെ ഡി യു സ്ഥാനാര്‍ഥികള്‍ എ ഐ യു ഡി എഫിന്റെ പിന്തുണയോടെ മത്സരിക്കുമെന്നാണ് സൂചന.