പഴയ എ സി വില്‍പ്പന ജൂലൈ മുതല്‍ നിരോധിച്ചു

Posted on: March 22, 2016 9:24 pm | Last updated: March 22, 2016 at 9:38 pm

AC-771x513

എ സിയുടെ മാനദണ്ഡങ്ങള്‍
>>മണിക്കൂറില്‍ 8.5 ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റില്‍ (2.49 വാട്ട്‌സ്) കുറയരുത്.
>> സിംഗിള്‍ ഫേസ്- 240 വോള്‍ട്ട്, ത്രീഫേസ്- 415 വോള്‍ട്ട്. ഫ്രീക്വന്‍സി- 50 എച്ച് ഇസഡ്
>>ക്യു എസ് അംഗീകരിച്ച പെട്ടെന്ന് പറിച്ചെടുക്കാന്‍ പറ്റാത്ത രീതിയിലുള്ള ഊര്‍ജസംരക്ഷണം അറിയിക്കുന്ന കാര്‍ഡോ ലേബലോ വേണം. പ്ലാസ്റ്റിക്കിലോ ലോഹത്തിലോ തീര്‍ത്തതാകണം ഇത്. ക്യു എസ് നല്‍കിയ നക്ഷത്രങ്ങളുടെ എണ്ണം ഇതില്‍ വേണം.

 

ദോഹ: പരമ്പരാഗത എയര്‍ കണ്ടീഷനറുകള്‍ക്ക് ജൂലൈ ഒന്നിന് ശേഷം ഖത്വര്‍ വിപണിയില്‍ വിലക്ക്. ഖത്വറിന്റെ മാനദണ്ഡവും നിലവാരവും ഉള്ള ഊര്‍ജക്ഷമതയുള്ള എ സികളുടെ (വിന്‍ഡോ, സ്പ്ലിറ്റ്) ഇറക്കുമതിയും വില്‍പ്പനയും മാത്രമേ ജൂലൈ മുതല്‍ അനുവദിക്കുകയുള്ളൂവെന്ന് ഖത്വര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ക്യു എസ്) അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ തന്നെ കാര്യക്ഷമമല്ലാത്ത എ സികളുടെ നിരോധത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്നത്തെ സമയപരിധി നീട്ടുകയാണ് ഇപ്പോള്‍ ചെയ്തത്. ഊര്‍ജ മന്ത്രാലയം, ക്ഹറമ, വാണിജ്യ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇറക്കുമതി ചെയ്യുന്നതിന്റെ ഒരു മാസം മുമ്പ് എ സികളുടെ മൂലരൂപം കമ്പനികള്‍ ക്യു എസില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് എ സിയുടെ നക്ഷത്ര എണ്ണം കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് കമ്പനികള്‍ക്ക് ക്യു എസ് നല്‍കും. ഐ എസ് ഒ 17025 സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍ നിന്നുള്ള പരീക്ഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ കമ്പനികള്‍ ഹാജരാക്കണം. ഖത്വരി സ്റ്റാന്‍ഡേര്‍ഡും (ക്യു എസ് 2663) ഗള്‍ഫ് ടെക്‌നിക്കല്‍ റഗുലേഷന്‍ നമ്പറും (ബിഡി-142004-01) അംഗീകരിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് കാണിക്കുന്ന അന്താരാഷ്ട്ര കമ്മിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണം.
മൊത്തം വൈദ്യുതിയുടെ 65 ശതമാനവും എ സിയുടെ ഉപയോഗത്തിനാണ് ചെലവഴിക്കുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ ഉപയോഗം കുത്തനെ ഉയരും. വൈദ്യുതി ലാഭിക്കുന്ന നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി രാജ്യത്തിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ഊര്‍ജക്ഷമതയില്ലാത്ത ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി വൈദ്യുതി നഷ്ടവും വലിയ ചെലവുമാണ് വരുത്തിവെക്കുന്നത്. അതേസമയം, ഇത്തരം ഉപകരണങ്ങള്‍ക്ക് പഴയതിനേക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ സാമ്പത്തിക ചെലവുവരും. കുറഞ്ഞ വോള്‍ട്ടേജ് ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് വേണ്ട സാങ്കേതിക മികവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജി സി സി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (ജി എസ് ഒ) അവതരിപ്പിച്ചിരുന്നു. കുറഞ്ഞ വോള്‍ട്ടേജ് ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് വേണ്ട സാങ്കേതിക മികവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജി സി സി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (ജി എസ് ഒ) അവതരിപ്പിച്ചിരുന്നു.