Connect with us

Palakkad

വരള്‍ച്ച: ആളിയാറില്‍ നിന്ന് കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

പാലക്കാട് : വരള്‍ച്ചയും ശുദ്ധജലക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആളിയാറില്‍ നിന്നു കുടിവെള്ളം ഉറപ്പാക്കാന്‍ കേരളം നടപടി തുടങ്ങി. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ മേയ് 15 വരെ ആളിയാറില്‍ നിന്നു കേരളത്തിനു വെള്ളം നല്‍കേണ്ടതില്ല.

ജില്ലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ വ്യവസ്ഥയില്‍ ഇളവനുവദിച്ച് ഏപ്രില്‍ ഒന്നു മുതല്‍ 100 ക്യുസെക്‌സ് തോതില്‍ ചിറ്റൂര്‍പ്പുഴയിലേക്കു വെള്ളം തുറന്നുവിടണമെന്നാണു കേരളത്തിന്റെ ആവശ്യം. ആളിയാര്‍ വെള്ളം നിലച്ചാല്‍ ചിറ്റൂര്‍പ്പുഴയുടെ തുടര്‍ച്ചയായ ഭാരതപ്പുഴയില്‍ ഉള്ള നീരൊഴുക്കുകൂടി നിലയ്ക്കും.
ഈ സാഹചര്യം മുന്നില്‍ കണ്ടാണു കേരളത്തിന്റെ നടപടി. ആവശ്യത്തോടു തമിഴ്‌നാടിന്റെ ആദ്യ പ്രതികരണം അനുകൂലമാണ്.

മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ ചിറ്റൂര്‍പ്പുഴയിലേക്കു വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. ആളിയാര്‍ അണക്കെട്ടില്‍ ഒരു ടിഎംസിയില്‍ താഴെ മാത്രമേ ജലമുള്ളൂ. അതേ സമയം പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളില്‍ അഞ്ചു ടി എം സിയോളം വെള്ളം ഉണ്ട്.
ആളിയാറില്‍ ജലനിരപ്പു താഴ്ന്നാലും പറമ്പിക്കുളത്തു നിന്നു വെള്ളം എത്തിച്ചു ചിറ്റൂര്‍പ്പുഴയിലേക്കു ലഭ്യമാക്കാനാണു കേരളത്തിന്റെ ശ്രമം. ഇതിനായി അടുത്ത ദിവസം തന്നെ കേരളം കത്തുനല്‍കും.

മുന്‍പു നടന്ന ബോര്‍ഡ് യോഗത്തിലും സംസ്ഥാനം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ജലവിതരണം ക്രമീകരിച്ചിട്ടുള്ളത്. നിലവില്‍ 250 ക്യുസെക്‌സ് തോതില്‍ ആളിയാറില്‍ നിന്നു ചിറ്റൂര്‍പ്പുഴയിലേക്കു വെള്ളം ലഭ്യമാക്കുന്നുണ്ട്.
ഈ മാസം 31 വരെ ഇതേ അളവില്‍ ജലം ലഭിക്കും. ഇതിനിടെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ഷോളയാര്‍ ഡാം പ്രദേശത്ത് 43 മില്ലിമീറ്റര്‍ മഴ ലഭിച്ചതും കേരളത്തിനു ഗുണകരമായിട്ടുണ്ട്. ഈ വെള്ളം കേരള ഷോളയാര്‍ ഡാമിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളും പുരോഗതിയിലാണ്.

Latest