Connect with us

Malappuram

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുഴല്‍ കിണര്‍ നിര്‍മാണ ലോബികള്‍

Published

|

Last Updated

മലപ്പുറം: വേനലിലെ ജല ദൗര്‍ലഭ്യം ചൂഷണം ചെയ്ത് ജില്ലയില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മാണ ലോബികള്‍ സജീവം. അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മാണ സംഘങ്ങളാണ് അനധികൃത കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്നത്. ഭൂജല വകുപ്പിന്റെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സര്‍ക്കാര്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതേ സമയം കുഴല്‍കിണര്‍ നിര്‍മാണ രംഗത്തെ സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ട നിലയിലാണ്. അനിയന്ത്രിതമായ കുഴല്‍ക്കിണര്‍ നിര്‍മാണം നിയന്ത്രിക്കുന്നതിനായി “ഭൂജല അതോറിറ്റി സ്വകാര്യ ഏജന്‍സികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി കേരളത്തിലുള്ളവര്‍ക്ക് മാത്രമായി ചുരുക്കുകയും സ്വകാര്യ ഏജന്‍സികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം.

രജിസ്‌ട്രേഷന് 50000 രൂപ നിശ്ചിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൃശൂര്‍ ജില്ലയിലെ 57ഓളം സ്വകാര്യ ഏജന്‍സികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പരാതിക്കാരെ കേട്ടതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികളെല്ലാം നിശ്ചലമായിരിക്കുകയാണ്.
സംസ്ഥാനത്ത് നിബന്ധനകള്‍ പാലിക്കാതെയും കൃത്യമായ കണക്കില്ലാതെയുമുള്ള കുഴല്‍ക്കിണറുകള്‍ കൂടുന്ന സാഹചര്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇത് നടപ്പായില്ലെന്നു മാത്രമല്ല രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ നിലവില്‍ സംസ്ഥാനത്തെ കുഴല്‍ക്കിണറുകളുടെ നിര്‍മാണത്തെക്കുറിച്ച് എവിടെയും രേഖകളില്ല.

ജലവിഭവ വകുപ്പ് ഇടപെട്ടുള്ള നിര്‍മാണത്തിന്റെ കണക്ക് മാത്രമേ വകുപ്പിന് കീഴിലുള്ളൂ. “ഭൂരിഭാഗം പേരും സ്വകാര്യ ഏജന്‍സികളെയാണ് കുഴല്‍ക്കിണര്‍ നിര്‍മാണം ഏല്‍പ്പിക്കുന്നത്. ഇവര്‍ എത്ര കുഴല്‍ക്കിണറുകള്‍ എവിടെയൊക്കെ കുഴിക്കുന്നുവെന്നതിന് ഭൂജല വകുപ്പില്‍ കണക്കില്ല. കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ചിട്ടുള്ളയിടങ്ങളില്‍ പോലും ധാരാളം കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രത്യേകം അനുമതി വാങ്ങേണ്ട സ്ഥലങ്ങളുണ്ടെങ്കിലും അനുമതി വാങ്ങുന്നില്ല. പാറ, മണല്‍ മാഫിയകളെപ്പോലെയാണ് കുഴല്‍ക്കിണര്‍ മാഫിയയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.