Connect with us

Sports

ഇറാനെ വീഴ്ത്തുക പ്രയാസം : സ്റ്റീഫന്‍

Published

|

Last Updated

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍

ന്യൂഡല്‍ഹി: ഇറാനെതിരായ രണ്ടാം പാദ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം കടുപ്പമേറിയതാകുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. കളിക്കാരുടെ കായികക്ഷമതാ നിലവാരം ഇനിയും മെച്ചപ്പെടാനുണ്ട്. അനായാസം ഓടിക്കളിക്കാന്‍ സാധിക്കണം. എതിരാളി ഇറാനാണ്. ലോകകപ്പില്‍ കളിച്ചവരാണ്. ഏഷ്യന്‍ ഫുട്‌ബോളിലെ മഹാശക്തരാണ് ഫിഫ റാങ്കിംഗില്‍ നാല്‍പ്പത്തിനാലാം സ്ഥാനത്തുള്ള ഇറാന്‍ – കോണ്‍സ്റ്റന്റൈന്‍ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ഇറാന്റെ 116 റാങ്കിംഗ് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ വ്യത്യാസം മത്സരത്തിലും നിഴലിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ കോച്ച് നല്‍കുന്നത്. 24ന് ഇറാനിലെ ടെഹ്‌റാനിലാണ് മത്സരം.
ആദ്യ പാദം ബെംഗളുരുവില്‍ 3-0ന് ഇന്ത്യ തോറ്റിരുന്നു. ഇന്ത്യന്‍ ടീം ഇന്ന് ടെഹ്‌റാനിലേക്ക് പുറപ്പെടും. ഈ മാസം 29ന് കൊച്ചിയില്‍ തുര്‍ക്‌മെനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടെഹ്‌റാനില്‍ തോല്‍ക്കാതിരിക്കാന്‍ ഇന്ത്യക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. മാത്രമല്ല, കളിക്കാര്‍ പരുക്കേല്‍ക്കാതെയും മഞ്ഞക്കാര്‍ഡുകള്‍ കാണാതെയും നോക്കേണ്ടതുണ്ട്. തുര്‍ക്‌മെനിസ്ഥാനെതിരെ ആത്മവിശ്വാസത്തോടെ കളിക്കണമെങ്കില്‍ ടെഹ്‌റാനില്‍ കരുതല്‍ വേണമെന്ന സ്ഥിതിയാണ്. ഇറാനെതിരെ സമനില നേടുന്നത് പോലും വലിയ നേട്ടമാകും ഇന്ത്യക്ക്.
ഇന്ത്യന്‍ പരിശീലകനായുള്ള രണ്ടാം വരവില്‍ താന്‍ സന്തുഷ്ടനാണെന്ന് കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. എ ഐ എഫ് എഫ് നല്‍കുന്ന പിന്തുണ വലുതാണ്. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളില്‍ നിന്നുള്ള സഹകരണവും മികച്ചതാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. സാഫ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടു. അടുത്തത് 2019 ഏഷ്യാ കപ്പ് യോഗ്യതയാണ് – ഇംഗ്ലണ്ടുകാരന്‍ പറഞ്ഞു.
ടീമിന്റെ ശരാശരി പ്രായം 32 ല്‍ നിന്ന് 24ലേക്ക് താഴ്ത്തുവാന്‍ സാധിച്ചതാണ് മറ്റൊരു നേട്ടം. ഇതിനായി കഴിഞ്ഞ പത്ത് മാസത്തിനിടെ 22 കളിക്കാര്‍ക്കാണ് ദേശീയ ടീമില്‍ അരങ്ങേറാന്‍ അവസരം നല്‍കിയത്.

Latest