Connect with us

Articles

ആധാര്‍ നിയമത്തില്‍ നിന്ന് പൗരനെ ആര് രക്ഷിക്കും?

Published

|

Last Updated

ആധാര്‍ നിയമം രാജ്യസഭയെ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുന്നു. വ്യക്തിയുടെ സ്വകാര്യതക്കു മേല്‍ ഭരണകൂടം നഗ്നമായ വിധത്തില്‍ കൈകടത്തല്‍ നടത്താന്‍ സാധ്യതയുണ്ടെന്ന വിമര്‍ശത്തെ തൃണവത്ഗണിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ ബില്‍ പാസാക്കിയെടുത്തത്. അതിന് പൗരാഭിപ്രായത്തെയും രാജ്യസഭയെയും സുപ്രീം കോടതിയെയും മറ്റുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ പുച്ഛിച്ചു തള്ളി. സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയില്‍ വാദിക്കാന്‍ നമ്മുടെ അറ്റോണി ജനറലിന് ഒരു മടിയുമുണ്ടായില്ല.
പൗരന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഐ ഡി കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഷ്യം. യഥാര്‍ഥത്തില്‍ സബ്‌സിഡികളുടെയും ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ബില്‍ മാര്‍ച്ച് മൂന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച് മാര്‍ച്ച് 11ന് പാസാക്കിയത്. സബ്‌സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലവിലുണ്ട്. നൂറോളം ഹരജികള്‍ ആധാറിനെതിരെ ഇനിയും കോടതി തീര്‍പ്പാക്കാനുമുണ്ട്; രാജ്യസഭയില്‍ അതിശക്തമായ എതിര്‍പ്പും നേരിടേണ്ടി വന്നു. പക്ഷേ, ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ധനബില്ലായി, ആധാര്‍ ബില്ലിന് രൂപ പരിണാമം വരുത്തി ലോക്‌സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയെടുത്തു.
പൗരന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച്, സവിശേഷ തിരിച്ചറിയില്‍ സാങ്കേതികവിദ്യ പ്രയോഗിച്ച്, നിര്‍മിക്കുന്ന ആധാര്‍ ജനങ്ങളുടെ സ്വകാര്യതക്ക് മേല്‍ കടന്നു കയറാന്‍ ഉപയോഗിക്കില്ലെന്ന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ക്ക് വിശ്വാസ്യതയില്ല. അതല്ലെങ്കില്‍ എന്തിനാണ് സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കരുതെന്ന രാജ്യസഭയുടെ ഭേദഗതിയെ ധിക്കാരപൂര്‍വം സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്? ബയോമെട്രിക് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ രാജ്യ സുരക്ഷയുടെ പേരില്‍ ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാനുള്ള അനുമതി നല്‍കാനുള്ള അധികാരം ജില്ലാ ജഡ്ജിക്ക് നല്‍കണമെന്ന ബില്ലിലെ 33 (ഒന്ന്), 33 (രണ്ട്) വ്യവസ്ഥകള്‍ മാറ്റണമെന്ന് രാജ്യസഭ നിര്‍ദേശിച്ചത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.
വമ്പിച്ച പ്രത്യാഘാതങ്ങളാണ് ഇതു സൃഷ്ടിക്കാന്‍ പോകുന്നത്. നമ്മുടെ ജില്ലാ ജഡ്ജിമാരുടെ വിവേചനാധികാരമാണ് വ്യക്തിയുടെ സ്വകാര്യത പരിശോധിക്കാനുള്ള അനുവാദം നല്‍കലെങ്കില്‍, എത്ര ജഡ്ജിമാരുണ്ട് യഥാര്‍ഥത്തില്‍ നീതിമാന്മാരായി എന്ന കാര്യം പ്രധാനമല്ലേ? വ്യക്തിപരമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍, ഏത് ജില്ലാ ജഡ്ജിക്കും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കല്‍ ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ തീര്‍ക്കും. ആധാര്‍ പോലെയുള്ള വിവരരേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ത്രാണിയുള്ള എത്രപേര്‍ ജഡ്ജിമാരായിട്ടുണ്ട്? “ദേശീയ സുരക്ഷയുടെ” പേരില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആധാര്‍ അതോറിട്ടിക്ക് അധികാരം നല്‍കുന്ന ആധാര്‍ നിയമം പൗരാവകാശലംഘനങ്ങളുടെ പരമ്പരക്ക് തുടക്കം കുറിക്കാന്‍ പോകുന്ന ഒന്നാണ്. ഇതിനകം, തീവ്രവാദത്തിന്റെ പേരില്‍, ഭരണകൂടം ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേശഭ്രാന്തന്മാരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഒരു ജോയിന്റ് സെക്രട്ടറിക്ക് ദേശരക്ഷക്കായി എന്ന പേരില്‍ പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടി മെതിക്കാന്‍ അവസരം നല്‍കുന്ന ഈ ആധാര്‍ വ്യവസ്ഥകള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണ രേഖയാണെന്ന കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്.
വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണഘടനാപരമായി തന്നെ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദവും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 21ഉം ഒക്കെ തരാതരം ലംഘിക്കപ്പെടുന്ന രാജ്യത്ത് ആധാര്‍ നിയമം എങ്ങനെയാണ് പൗരന്റെ സ്വകാര്യത സംരക്ഷിക്കുക?
സുപ്രീം കോടതി നിരവധി കേസുകളില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള വിധികളില്‍ എടുത്തു പറയുന്ന കാര്യമാണ് പൗരന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത. വ്യക്തികളുടെ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ സ്വകാര്യത കാത്തു പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് സുപ്രീം കോടതി. അത് പോലീസിന്റെയോ പട്ടാളത്തിന്റെയോ മറ്റോ നേരിട്ടുള്ള ഇടപെടലിനെ സംബന്ധിച്ച് മാത്രമല്ല. നമ്മുടെ ഫോണ്‍ സംഭാഷണങ്ങളോ, തപാലുകളോ മറ്റ് സ്വകാര്യ ഇടപാടുകളോ മറ്റൊരാള്‍ അറിയാന്‍ ശ്രമിക്കുന്നതു പോലും പൗരാവകാശലംഘനമാണെന്ന കാര്യം എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ ആധാര്‍ വിവരങ്ങള്‍ തുറന്നുവിട്ടാല്‍, പിന്നെ പൗരന് സ്വകാര്യത സംരക്ഷിക്കാനാകില്ല. വംശഹത്യകള്‍ക്ക് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നേതൃത്വം നല്‍കിയത്, ഏകദേശം സമാനമായ തിരിച്ചറിയല്‍ ഉപയോഗിച്ചാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
പൗരനെ വേട്ടയാടാനാണ് മോദി സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ഈ ആധാര്‍ ബില്‍ പാസാക്കിയത്. മതന്യൂനപക്ഷങ്ങളെയും പുരോഗമന വിശ്വാസികളെയും ആദിവാസികളെയും കമ്യൂണിസ്റ്റുകളെയും ദലിത് വിഭാഗങ്ങളെയും മറ്റും ആക്രമിക്കാന്‍ ആവശ്യമായ വിവരശേഖരണമാണ് ആധാറിലൂടെ കേന്ദ്രം നടത്താന്‍ പോകുന്നത്. പൗരന്റെ എല്ലാ നീക്കങ്ങളും കഴുകന്‍ കണ്ണുകളോടെ ഭരണകൂടം നിരീക്ഷിക്കാനും ജനാധിപത്യപരമായ ചെറിയ പ്രതിഷേധങ്ങളുടെ പോലും നാമ്പുകള്‍ അരിയാനും മുന്‍കൂര്‍ ഒരുക്കങ്ങള്‍ നടത്തുന്ന ഇത്തരം ചെയ്തികളെയാണ് ഫാസിസ്റ്റ് ഗൂഢാലോചന എന്ന് വിളിക്കുന്നത്. തീവ്രവും തീക്ഷ്ണവുമായ അത്തരമൊരു ഫാസിസ്റ്റ് കാലഘട്ടത്തിലേക്ക് ഭാരതം കടന്നിരിക്കുന്നുവെന്ന സൈറണ്‍ മുഴക്കുകയാണ് മോദി സര്‍ക്കാര്‍ ആധാറിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ മറുവശത്ത് ജനങ്ങള്‍ വിശാലമായ പ്രതിരോധനിര പടുത്തുയര്‍ത്തുക തന്നെ വേണം. മതേതര-മാനവ ഐക്യം രാജ്യവ്യാപകമായി സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍, വരാനിരിക്കുന്ന വംശഹത്യയെ തടയാന്‍ ഇന്ത്യക്ക് കഴിയാതെ പോകും.

Latest