ഭക്ഷ്യസുരക്ഷാപരിശോധന; ഒമ്പത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Posted on: March 22, 2016 6:00 am | Last updated: March 21, 2016 at 11:36 pm

food safetyതിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിഴവ് കണ്ടെത്തിയ ഒമ്പത് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1092 ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലാണ് അതത് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒരാഴ്ച വ്യാപക പരിശോധന നടത്തിയത്. പരിശോധനയില്‍ ലൈസന്‍സ് റദ്ദാക്കിയതിന് പുറമേ 324 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും 7.005 ലക്ഷം രൂപ കോമ്പൗണ്ട് ചെയ്യുകയും ചെയ്തു.
ഭക്ഷ്യവിഷബാധ സാധ്യത മുന്‍നിര്‍ത്തിയും ഗുരുതരമായ മാനദണ്ഡലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് ഒമ്പത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. റോസായ് റ്റെക്ക് എവെ കവടിയാര്‍, തമ്പീസ് ബേക്കറി പേരൂര്‍ക്കട, അരീന ബേക്കറി ആന്‍ഡ് ബോര്‍മ്മ ഉദയംപേരൂര്‍, അല്‍ മദീന റസ്റ്റോറന്റ് ശ്രീകാര്യം, ഗംഗോത്രി പ്യൂരിഫൈഡ് വാട്ടര്‍ പയ്യന്നൂര്‍, തട്ടുകട പേട്ട, ഗണേഷ് കഫിറ്റീരിയ അരിസ്റ്റോ ജംഗ്ഷന്‍, അന്നൂ ഐസ്‌ക്രീം കാരാശേരി, നിലോ ഐസ്‌ക്രീം മുക്കം എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെപ്പിച്ചത്.
ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ പുറപ്പെടുവിച്ച ശുചിത്വ മാനദണ്ഡങ്ങള്‍, ലൈസന്‍സ് മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാതെ ഗുരുതരമായ പിഴവ് കണ്ടത്തെിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ അറിയിച്ചു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ച് പരാതിയുള്ളവര്‍ക്ക് 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിക്കാവുന്നതാണ്.