മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ജനാധിപത്യത്തിന്റെ കാവലാളാവുക: ഐസിഎഫ്

Posted on: March 21, 2016 5:52 pm | Last updated: March 21, 2016 at 5:52 pm

റിയാദ് : ജനാധിപത്യത്തിന്റെ കാവലാളുകളാവേണ്ട രാഷ്ട്ര നേതൃത്വവും ഭരണകൂടവും ഭീതിതമായ പക്ഷപാതിത്വത്തിന്റെ പാത സ്വീകരിച്ചു രാജ്യത്തെ ഉന്നതമായ കാമ്പസുകളില്‍ പോലും വ്യാജ ദേശസ്‌നേഹ നിര്‍മിതിക്കുവേണ്ടി അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനും പൊതുസമുഹത്തെ ബോധവല്‍ക്കരിക്കാനും മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് റിയാദ് ഐസിഎഫ് ബത്ത ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ ‘ജനാധിപത്യം വേലിതന്നെ വിളതിന്നുന്നു’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളെ ഇല്ലാതാക്കാന്‍ കെല്‍പ്പില്ലാത്ത ഭരണകൂടം കേവല ശത്രുക്കളെ സൃഷ്ട്ടിച്ചു ഇല്ലാതാക്കുകയാണ്. ദശാബ്ദങ്ങള്‍ കൊണ്ട് ഭാരതത്തിലെ ജനങ്ങള്‍ നേടിയെടുത്ത അടിസ്ഥാന ജനാധിപത്യ ബോധത്തിനും മൗലിക അവകാശ ബോധ്യങ്ങള്‍ക്കും യോജിക്കാത്ത നീക്കങ്ങള്‍ക്ക് അവസരമൊരുക്കുകയും മതേതര മുല്യവിചാരത്തിന്റെ സങ്കല്‍പ്പങ്ങളെ നിരര്‍ ത്ഥകമാക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ശ്രമങ്ങളെ ഒറ്റകെട്ടായി നേരിടാന്‍ നാം പ്രാപ്തരാകണം.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും പ്രത്യാശകള്‍ക്കും ശബ്ദം നല്‍കാനുള്ള ശക്തമായ സ്തംഭമായാണ് ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങള്‍ വര്‍ത്തിക്കേണ്ടത്. അവകാശങ്ങള്‍ ഹനിക്കപ്പെടുന്നിടത്തും മുല്യങ്ങള്‍ നശിപ്പിക്കപ്പെടുന്നിടത്തും അവരുടെ ഇടപെടലുകള്‍ വേണം. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം ഏകപക്ഷീയമായ അവതരണങ്ങളിലുടെ മതവിശ്വാസങ്ങളെയും പുണ്യപുരുഷന്മാരെയും അവമതിക്കുന്ന നിലപാടുകള്‍ ജനാധിപത്യ മതനിരപേക്ഷ സമുഹത്തില്‍ അപകടകരവും മാധ്യമങ്ങളിലുള്ള വിശ്വാസം തകര്‍ക്ക പ്പെടാന്‍ ഇടവരുത്തുന്നതുമാണ്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സലിം പട്ടുവം വിഷയം അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ: അജിത്, ജേറോം മാത്യു, സുബ്രമണ്യന്‍, ജയന്‍ കൊടുങ്ങല്ലൂര്, അബ്ദുല്‍ കബീര്‍ അന്‍വരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു അബുബക്കര്‍ അന്‍വരി ചര്‍ച്ച നിയന്ത്രിച്ചു. അബുല്‍നാസര്‍ അഹ്‌സനി, ഫൈസല്‍ മമ്പാട്, ഷറഫുദ്ദിന്‍ നിസാമി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ശൈജല്‍ മടവൂര് എന്നിവര്‍ നേതൃത്വം നല്‍കി. ബഷീര്‍ മാസ്റ്റര്‍ നാദാപുരം സ്വാഗതവും അബ്ദുല്‍കരീം ടിപി നന്ദിയും പറഞ്ഞു