എണ്ണ ഉത്പാദനം കുറക്കാന്‍ ഒമാന്‍ സന്നദ്ധം: ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി

Posted on: March 21, 2016 3:06 pm | Last updated: March 21, 2016 at 7:49 pm

mohammed bin hamd alമസ്‌കത്ത്:എണ്ണവില ഉയര്‍ത്തുന്നതിനായി ഉത്പാദനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അടുത്ത മാസം ദോഹയില്‍ നടക്കുന്ന എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ യോഗം എണ്ണവില തിരിച്ചു പിടിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാന്‍ ഓയില്‍ ആന്റ് ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ക്രൂഡ് ഓയില്‍ വില 25 ശതമാനം തിരിച്ചു പിടിക്കും. ഒമാന്‍ എണ്ണ ഉത്പാദനം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറക്കാന്‍ തയാറാണെന്നും ഹമദ് അല്‍ റുഹ്മി പറഞ്ഞു.
ഒപെക് രാജ്യങ്ങളും ഒപെക്കിനു പുറത്തുള്ള ഒമാന്‍, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും. കഴിഞ്ഞമാസം ദോഹയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് യോഗം.
ജനുവരി മാസത്തെ തോതില്‍ ഉല്‍പാദനം നിയന്ത്രിക്കാനായിരുന്നു കഴിഞ്ഞമാസം ദോഹയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ ധാരണയെന്ന് ഒപെക് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ സാലാഹ് അല്‍ സാദ പറഞ്ഞു. സഊദി അറേബ്യ, റഷ്യ, വെനസ്വേല, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തിലെ ധാരണയോടു പക്ഷേ ഒപെക് അംഗമായ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അടുത്ത മാസത്തെ ദോഹ ചര്‍ച്ചയിലും ഇറാന്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഒപെക്, ഒപെക് ഇതര 15 രാജ്യങ്ങള്‍ ധാരണയോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചതായി അല്‍ സാദ പറഞ്ഞു.
എണ്ണ ഉത്പാദന രാജ്യങ്ങള്‍ അടുത്തമാസം ദോഹയില്‍ ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനം ഇടിഞ്ഞുനിന്ന എണ്ണ വിപണിയെ ഉണര്‍ത്തി. കഴിഞ്ഞ ദിവസം ബ്രെന്‍ഡ് ക്രൂഡ് വില 1.3 ശതമാനം വര്‍ധിച്ച് ബാരലിന് 39.22 ഡോളറിലെത്തി.