Connect with us

Kerala

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാതക്ക് പരിസ്ഥിതി വിലങ്ങുതടി

Published

|

Last Updated

നാദാപുരം: ചെലവ് കുറഞ്ഞ മൈസൂര്‍-നഞ്ചന്‍ഗോഡ്-മാനന്തവാടി-വടകര റെയില്‍പാത ഉപേക്ഷിച്ച് നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റൂട്ടില്‍ സര്‍വേ നടത്തി പാത ഒരുക്കാനുളള റെയില്‍വെയുടെ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനിടയില്ല. 15 കിലോമീറ്ററോളം ബന്തിപൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്ന് പോകുന്ന പാതക്ക് ദേശീയ, കര്‍ണാടക, കേരള വന്യജീവി സംരക്ഷണ ബോര്‍ഡുകളും പരിസ്ഥിതി വാദികളും നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. ഇതു വകവെക്കാതെയാണ് 6000 കോടി ചെലവ് പ്രതീക്ഷിക്കുന്ന 256 കിലോമീറ്റര്‍ ദൂരം വരുന്ന പാതക്ക് ബജറ്റില്‍ തുക ഉള്‍ക്കൊളളിച്ച് റെയില്‍വേ മന്ത്രാലയം മുമ്പോട്ടുപോകുന്നത്.

അതേസമയം നഞ്ചന്‍ഗോഡ് തലശ്ശേരി വടകര പാതക്ക് 156 കിലോമീറ്ററാണ് ദൂരം. 2000 കോടി രൂപയാണ് ഈ പാതക്ക് നേരത്തെ ചെലവ് കണക്കാക്കിയത്.
വന്യജീവി സങ്കേതവും ചുരം എന്നിവ ഒഴിവാക്കിയുളള നഞ്ചന്‍ഗോഡ് മാനന്തവാടി കുഞ്ഞോം വിലങ്ങാട് തലശ്ശേരി, വടകര വഴിയുളള ചെലവ് കുറഞ്ഞ പാത ഒഴിവാക്കിയാണ് റെയില്‍വേ സര്‍വെ നടത്തി നിലമ്പൂര്‍ നഞ്ചന്‍ഗോഡ് പാത തിരഞ്ഞെടുത്തത്.

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് കടകോള ഹുളളഹളളി സരഗൂര്‍ ബേഗൂര്‍ മാച്ചൂര്‍ സംസ്ഥാനത്തെ ബാവലി പാല്‍വെളിച്ചം പയ്യമ്പളളി മാനന്തവാടി കുഞ്ഞോം വിലങ്ങാട് വഴി തലശ്ശേരിയിലേക്കും വടകര സ്‌റ്റേഷനുമായി സംയോജിപ്പിച്ചായിരുന്നു സര്‍വേ നടത്തിയത്. മൈസൂര്‍ നിലമ്പൂര്‍ പാതക്ക് വേണ്ടിയും, മൈസൂര്‍ മാനന്തവാടി വിലങ്ങാട് പാതക്ക് വേണ്ടിയും അണിയറയില്‍ ചരട് വലികള്‍ ശക്തമായതോടെയാണ് നിലവിലെ പാത തിരഞ്ഞെടുത്തത്.

2001-2002ലാണ് റെയില്‍വെ നിലമ്പൂര്‍ പാതയുടെ ആദ്യ സര്‍വെ പൂര്‍ത്തിയാക്കിയത് 2008ല്‍ പുതിയ റിപ്പോര്‍ട്ട് റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കുകയും 2010ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പദ്ധതിക്ക് അനുമതി നല്‍കുകയുമുണ്ടായി. ഇതോടെയാണ് ബന്തിപൂര്‍ വന്യജീവി സങ്കേതത്തിലെ എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും രാത്രി യാത്രയും നിരോധിച്ചത്.

റിസര്‍വ് വനങ്ങള്‍ സ്പര്‍ശിക്കാതെയും ചുറ്റിവളയാതെയും നഞ്ചന്‍ഗോഡ് പാത മാനന്തവാടി വരെ നീട്ടാന്‍ സൗകര്യമുണ്ട്. മൈസൂരില്‍ നിന്ന് മാനന്തവാടിയിലേക്കുളള ദൂരം 81 കിലോമീറ്ററാണ്. പുതുതായി 70 കിലോമീറ്ററാണ് പാത പണിയേണ്ടത്. മാനന്തവാടിയില്‍ നിന്ന് കുഞ്ഞോം വിലങ്ങാട് വഴി തലശ്ശേരിയിലേക്ക് റിസര്‍വ് വനം പൂര്‍ണമായി ഒഴിവാക്കി 156 കിലോമീറ്ററായി കുറക്കുന്ന എളുപ്പ വഴികൂടിയാണിത്. പരിസ്ഥിതി പ്രശ്‌നമോ നിര്‍മാണ വെല്ലുവിളികളോ ഇല്ലാതെ ഈ പാത ഒരുക്കാന്‍ കഴിയും. മൈസൂരില്‍ നിന്ന് 200 കിലോമീറ്ററാണ് കോഴിക്കോടേക്കുളള ദൂരം ബസ്സില്‍ നാല് മണിക്കൂര്‍ യാത്രയും ട്രെയിനില്‍ ബംഗളൂര് വഴി 13 മുതല്‍ 14 മണിക്കൂര്‍ വരെ യാത്ര ചെയ്യണം. 700 കിലോമീറ്ററാണ് ചുറ്റിക്കറങ്ങേണ്ടത്.

---- facebook comment plugin here -----

Latest