കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികള്‍

Posted on: March 21, 2016 11:03 am | Last updated: March 21, 2016 at 11:03 am

kalabhavan maniതൃശൂര്‍: കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികളുടെ മൊഴി. തങ്ങളോട് വേറെ ജോലി കണ്ടെത്താന്‍ പറഞ്ഞിരുന്നതായും ചില ജോലിക്കാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളായിരുന്ന അരുണ്‍, മരുകന്‍ വിപിന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും ഇവര്‍ പറഞ്ഞു.

മണി ആശുപത്രിയിലായിരുന്നപ്പോള്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ ഔട്ട്ഹൗസായ പാഡി കഴുകി വൃത്തിയാക്കിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനായിരുന്നുവെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഹായികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേ സമയം കലാഭവന്‍ മണിയുടെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥരീകരിച്ചത്. മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നാണ് പരിശോധനാഫലത്തില്‍ നിന്ന് ഊഹിക്കേണ്ടത്. ഏതെങ്കിലും മരുന്ന് ഉപയോഗിച്ചതില്‍ നിന്നാണോ കറുപ്പിന്റെ സാന്നിധ്യമെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും. കൊച്ചിയിലെ ആശുപത്രിയില്‍ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, മണിയുടെ മരണത്തില്‍ ആത്മഹത്യയ്ക്കും കൊലപാതകത്തിനുമുള്ള സാദ്ധ്യതകള്‍ക്ക് തുല്യ പരിഗണന നല്‍കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യയെങ്കില്‍ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. മണി അറിയാതെ കീടനാശിന കഴിപ്പിച്ചതാണെങ്കില്‍ അതിന്റെ സാധ്യതയും പരിശോധിക്കണം. അതിരൂക്ഷഗന്ധമുള്ള കീടനാശിനി മണി അറിയാതെ കഴിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നുണ്ട്. അങ്ങനെ കഴിക്കണമെങ്കില്‍ മണി മദ്യപിച്ചു ലക്ക് കെട്ട സ്ഥിതിയിലായിരിക്കണമെന്നും നിരീക്ഷിക്കുന്നു.

അതീവഗുരുതരാവസ്ഥയില്‍ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തോ മരണത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴോ കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ മൊഴി. ഏതെങ്കിലും വിഷാംശം ശരീരത്തില്‍ കലര്‍ന്നാല്‍ ഗന്ധമുണ്ടാകും. വായില്‍ നിന്നു നുരയും പതയും വരാനും സാധ്യത ഉണ്ട്. എന്നാല്‍ മണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ടു തന്നെ മണിയുടെ ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും. ഇതിനിടെ മണിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിയ്ക്കും. ഭീമമായ തുകയുടെ ധാരാളം വലിയ ബിനാമി ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.