സീറ്റ് വിഭജനം: ബി ജെ പി മുന്നണിയിലും ധാരണയായില്ല

Posted on: March 21, 2016 9:35 am | Last updated: March 21, 2016 at 9:35 am

bjp-flag.jpg.image.576.432കൊച്ചി: സീറ്റ് വിഭജന കാര്യത്തില്‍ എന്‍ ഡി എ ഘടകകക്ഷികള്‍ക്കിടയില്‍ ഇന്നലെയും ധാരണയായില്ല. ബി ഡി ജെ എസുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗം ഘടകകക്ഷികളുടെ ആവശ്യങ്ങളടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.കേരള നേതൃത്വം നേരത്തെ സമര്‍പ്പിച്ച 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇതിന്മേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ബി ജെപി നേതാക്കളെ കൂടാതെ ആര്‍എസ് എസ് നേതാക്കളും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയുടെ അടിസ്ഥാനത്തില്‍ പലരും തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ നിലവിലെ പട്ടിക മാറ്റുകയെന്നത് ദുഷ്‌കരമായിരിക്കുമെന്ന് യോഗം വിലയിരുത്തി.

ബി ജെ പി നിലവില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന 22 മണ്ഡലങ്ങളില്‍ പലതും ബിഡി ജെ എസ് മത്സരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതും ആവശ്യപ്പെട്ടതുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ബി ഡി ജെഎസുമായി ഇതിന്മേല്‍ ചര്‍ച്ച നടത്തന്‍ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്ന് യോഗത്തിനു ശേഷം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി ഡി ജെഎസുമായി ഇന്ന് ചര്‍ച്ച നടക്കും. ഘടകകക്ഷിളുമായുള്ള ചര്‍ച്ചക്ക് ശേഷം ബിജെ പി സ്ഥാനാര്‍ഥിപട്ടികക്ക് അന്തിമരൂപം നല്‍കും. 23 ന് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം തിരുവനന്തപുരത്ത് ചേരും.
എല്‍ ഡി എഫിനോടും യുഡി എഫിനോടും കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് എന്‍ ഡി എ വിപുലമായതായും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ടി എസ് ജോണ്‍ നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍, ജെ എസ് എസിലെ രാജന്‍ബാബു വിഭാഗം എന്നിവര്‍ എന്‍ ഡി എയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനും അഴിമതി ഭരണത്തിനും എതിരെ ബിജെപി ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കാട്ടായികോണത്ത് സി പി എം അക്രമത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ എസ് എസ് താലൂക്ക് പ്രചാരകന്‍ അമലിനെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ 23 ന്‌കേരളത്തില്‍ എത്തുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തില്‍ സമീപകാലത്തായി അക്രമരാഷ്ട്രീയം ശക്തിപ്പെടുകയാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം അമിത്ഷായുമായി ചര്‍ച്ച നടത്തുമെന്നും കുമ്മനം പറഞ്ഞു.