യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സമഗ്ര അന്വേഷണത്തിന്

Posted on: March 20, 2016 12:52 am | Last updated: March 20, 2016 at 12:52 am

plane accidentദുബൈ:ഫ്‌ളൈ ദുബൈ എഫ് ഇ സെഡ് ബോയിംഗ് 738 വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) സമഗ്ര അന്വേഷണം നടത്തും. റഷ്യന്‍ അന്വേഷണ അതോറിറ്റിയുമായി സഹകരിച്ചാകും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഒരു യൂനിറ്റ് അന്വേഷണം നടത്തുകയെന്ന് ജി സി എ എ ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി ഇ മെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അന്വേഷണത്തിനായി റഷ്യന്‍ പ്രതിനിധികളുമായും ഉപദേശകരുമായും കൂടിയാലോചിച്ചാകും അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് വ്യോമയാന സുരക്ഷാ നിയമ ലംഘനത്തെക്കുറിച്ച് റഷ്യന്‍ അന്വേഷണ ഏജന്‍സി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ദാരുണമായ ഈ അപകടത്തില്‍ തങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണെന്ന് യു എ ഇ സാമ്പത്തികകാര്യ മന്ത്രിയും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. അപകടത്തില്‍ അഗാധ ദുഃഖമുണ്ടെന്നും കൂടുതല്‍ സ്ഥിരീകരണത്തിനായി കാത്തുനില്‍ക്കുകയാണെന്നും ഫ്‌ളൈ ദുബൈ അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഹായത്തിന് ബന്ധപ്പെടാനായി ദുബൈയിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടിയന്തര നടപടി സ്വീകരിച്ചതായി വൈസ് കോണ്‍സുല്‍ അയാന ചര്‍ണോവ അറിയിച്ചു. അപകട വിവരമറിഞ്ഞയുടന്‍ ഫ്‌ളൈ ദുബൈ അധികൃതരുമായും ദുബൈ വിമാനത്താവള അതോറിറ്റിയുമായും ബന്ധപ്പെട്ടിരുന്നതായി അവര്‍ പറഞ്ഞു. അപകടം നടന്ന വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ക്ക് വിസാസംബന്ധമായ എല്ലാ സഹായങ്ങള്‍ക്കും റഷ്യന്‍ കോണ്‍സുലേറ്റ് നടപടിയെടുത്തിട്ടുണ്ടെന്നും അയാന ചര്‍ണോവ വ്യക്തമാക്കി.