പ്രണയം: അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ആറ് വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

Posted on: March 20, 2016 12:25 am | Last updated: March 20, 2016 at 12:25 am

കോഴിക്കോട്: പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍. അസമിലെ ചാബോല്‍ താലൂക്കിലെ ഏനൂര്‍ റഹ്മാന്‍ (20) കൊല്ലപ്പെട്ട കേസിലാണ് മലപ്പുറം വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ ശിഹാബുദ്ദീന്‍ (33), അസമിലെ ദുബ്‌റി ജില്ലക്കാരനായ ജലിബര്‍ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം പിടികൂടിയത്. ശിഹാബുദ്ദീന്റെ സുഹൃത്തും ഡ്രൈവറുമായ യുവാവിനെയും അസം സ്വദേശിയായ മറ്റൊരു യുവാവിനെയും കേസില്‍ പിടികൂടാനുണ്ട്.
ശിഹാബുദ്ദീന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂര്‍ റഹ്മാനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2010 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വാഴയൂര്‍ ചണ്ണയില്‍ മൂലോട്ടില്‍പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുണ്ടിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ട് മാസത്തിന് ശേഷം മാര്‍ച്ചില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെയാണ്. കൊലപ്പെടുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് എനൂര്‍ റഹ്മാന്‍ ജോലി തേടി കേരളത്തിലെത്തിയത്. മലപ്പുറത്തെ ചെങ്കല്‍ ക്വാറിയിലും മറ്റുമായി റഹ്മാന്‍ ജോലി ചെയ്തുവരികയായിരുന്നു. പെട്ടെന്ന് ആളുകളുമായി അടുക്കുന്ന പ്രകൃതക്കാരനായ റഹ്മാന്‍ ക്വാറി നടത്തിപ്പുകാരുടെയുമെല്ലാം വിശ്വസ്തനായി മാറി. ഇതിനിടെ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടിലെ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായി. ഈ വിവരം പെണ്‍കുട്ടിയുടെ ബന്ധുവായ ശിഹാബുദ്ദീന്‍ അറിഞ്ഞു. അദ്ദേഹം തനിക്ക് പരിചയമുള്ള അസം സ്വദേശിയായ ജലിബര്‍ ഹഖിനോട് ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന് ജലിബര്‍ ഇതിനെതിരെ റഹ്മാനോട് സംസാരിച്ചു താക്കീത് ചെയ്തു.
എന്നാല്‍ റഹ്മാന്‍ ബന്ധം തുടര്‍ന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ജലിബര്‍ സുഹൃത്തായ മറ്റൊരു അസം സ്വദേശിയും ശിഹാബുദ്ദീനും തന്റെ സുഹൃത്തായ ഡ്രൈവറെയും കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി. 2010 ജനുവരി 31 ന് പുലര്‍ച്ചെ മൂന്നിന് റഹ്മാനെ ജോലി സ്ഥലത്ത് നിന്ന് ജലിബറും സുഹൃത്തായ അസം സ്വദേശിയും കൂടി ബൈക്കില്‍ മൂലോട്ടിന്‍ പുറയായിലെ ചെങ്കല്‍ ക്വാറിയിലെത്തിച്ചു. ശിഹാബുദ്ദീന്റെ സുഹൃത്ത് തോര്‍ത്തുകൊണ്ടു റഹ്മാന്റെ കൈയും വായയും കെട്ടുകയും ജലിബര്‍ രണ്ട് കാലുകളും കെട്ടി. താഴെ വീഴ്ത്തിയ റഹ്മാന്റെ കഴുത്തില്‍ ശിഹാബുദ്ദീന്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് ക്വാറിയിലെ മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നു.
തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എ ഡി ജി പി. എസ് അനന്തകൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റഹ്മാന്‍ വധക്കേസ് വീണ്ടും അന്വേഷിച്ചത്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് ജലിബര്‍ സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ് പി. കെ ബി വേണുഗോപാല്‍, ഡി വൈ എസ് പി. ഇ പി പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സി ഐ. പി എല്‍ ഷൈജു, എസ് ഐമാരായ എ വി വിജയന്‍, പുരുഷോത്തമന്‍, എ എസ് ഐമാരായ പി പി രാജീവ്, പി ബാബുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ അസീസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.