പ്രവാസി സമൂഹം

Posted on: March 19, 2016 7:21 pm | Last updated: March 19, 2016 at 7:21 pm

Pravasi-Airport-Full-1ജനാധിപത്യ ഇന്ത്യയില്‍ പൗരസമൂഹത്തെ ഫെഡറല്‍ സ്റ്റേറ്റ് സംബോധന ചെയ്യുന്നതിലും പരിഗണിക്കുന്നതിലും സ്വീകരിച്ചു വരുന്ന രീതികളില്‍ സാമൂഹിക അംഗീകാരങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിച്ചിട്ടുണ്ട്. ഭാഷാ സമൂഹങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിച്ച് സ്റ്റേറ്റ് എന്ന പ്രാദേശിക പരിഗണനയും അധികാരവും നല്‍കുന്നതാണ് അതില്‍ പ്രധാനം. ജനങ്ങള്‍ ഭരണകൂടത്താല്‍ കൂടുതല്‍ പരിഗണിക്കപ്പെടുകയും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടുകയും ചെയ്യുക എന്ന താത്പര്യത്തില്‍ ജില്ലകളും താലൂക്കുകളും വില്ലേജുകളുമായി വികേന്ദ്രീകരിക്കപ്പെടുന്നതു കാണാ. തദ്ദേശാധികാരം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സമാന്തരമായി തന്നെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ഗ്രാമസഭ സംവിധാനങ്ങളും നിലനില്‍ക്കുന്നു.
സ്റ്റേറ്റിന്റെ ഭരണ സംവിധാനം ഈ വിധം ക്രമീകരിക്കപ്പെടുമ്പോള്‍ തന്നെ മറ്റൊരു വശത്ത് ജനങ്ങള്‍ മതം, ജാതി, സ്ത്രീ, പുരുഷന്‍, കുട്ടികള്‍, തീരദേശം, വനമേഖല, കര്‍ഷകര്‍, തൊഴിലാളികള്‍, ഭിന്നശേഷിയുള്ളവര്‍, ആദിവാസി, പിന്നാക്കം, മുന്നാക്കം തുടങ്ങിയ വിഭാങ്ങളും സമൂഹങ്ങളുമായി സ്റ്റേറ്റിനാല്‍ തന്നെ പരിഗണിക്കപ്പെടുന്നു. സാമൂഹികാംഗീകാരത്തിന്റെ രീതിശാസ്ത്രം ഇങ്ങനെയാണ് വര്‍ക്ക്ഔട്ട് ചെയ്യപ്പെടുന്നതെങ്കില്‍ തൊഴിലു തേടി വിദേശത്ത് ജീവിക്കുന്ന പ്രവാസികള്‍ക്ക് ദേശീയാടിസ്ഥാനത്തിലോ പ്രാദേശികാടിസ്ഥാനത്തിലോ ഏതെങ്കിലും അര്‍ഥത്തില്‍ സാമൂഹിക പരിഗണന ലഭിച്ചിട്ടില്ല. പ്രവാസി സമൂഹം എന്നത് ഒരു കേവല പ്രയോഗത്തിനപ്പുറം ഒരു സോഷ്യല്‍ സ്റ്റാറ്റസിന്റെ അടയാളമല്ല അത്.
സാമൂഹിക പരിഗണന എന്നത് അവശവിഭാഗങ്ങള്‍ക്കു മാത്രം പതിച്ചു കിട്ടേണ്ട ഒന്നല്ല. പ്രവാസികളെ ക്ഷേമം ആവശ്യമുള്ള ഒരു സമൂഹമായി വേര്‍തിരിക്കേണ്ടതുമല്ല. ക്ഷേമം ആവശ്യമുള്ളവര്‍ നിരവധിയുണ്ടെങ്കിലും സാമ്പത്തിക പര്യാപ്തത നേടിയവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും എന്ന വസ്തുതതയെ പരിഗണിച്ചുകൊണ്ടുള്ള സാമൂഹികവീക്ഷണത്തിലേക്കാണ് പോകേണ്ടത്. സര്‍ക്കാറുകളുടെ കാഴ്ചപ്പാടിലും നയരൂപവ്തകരണങ്ങളിലും കണ്ടുവരുന്ന രീതി ക്ഷേമാര്‍ഹ സമൂഹം എന്ന രീതിയില്‍ പ്രവാസികളെ വിലിയിരുത്തുന്നതാണ്. സാമൂഹിക പരിഗണന എന്നത് ഒരര്‍ഥത്തില്‍ പൗരാവകാശം കൂടിയാണ്. അതുകൊണ്ടു തന്നെ ജനായത്ത സംവിധാനത്തിനു പുറത്തു നിര്‍ത്തി പ്രവാസിള്‍ക്ക് പൗരവകാശവും സാമൂഹിക പരിഗണനയും നിഷേധിക്കുകയാണ്.
ജാതി, മത, ദേശ വ്യത്യാസമില്ലാതെ വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളെ ചേര്‍ത്തു നിര്‍ത്തി ഒറ്റ സമൂഹമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഈ ഘടകങ്ങള്‍ പരിഗണിച്ച് പ്രവാസികളെ സമൂഹമായി പരിഗണിക്കാനും ഈ സമൂഹത്തിന്റെ വിവിധങ്ങളായ ജീവിതാവസ്ഥകളെ കാണാനും സമൂഹം എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാനും പ്രയോജനപ്പെടുത്താനുമുള്ള രാഷ്ട്രീയ വിവേകത്തിന്റെ ആലോചനകള്‍ക്ക് ഒരു തിരഞ്ഞെടുപ്പു കാലത്തെങ്കിലും പ്രസക്തിയുണ്ട്.
പ്രവാസികളില്‍ വലിയൊരു വിഭാഗം സമ്പത്തിലും വിദ്യാഭ്യാസത്തിലും വ്യവഹാരങ്ങളിലും വ്യാപാര മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ്. സംസ്ഥാനത്തു അഭിമാനകരമായി ഉയര്‍ന്നു വന്ന വിദ്യാഭ്യാസ, വ്യവസായ, സേവന സംരംഭങ്ങളിലെല്ലാം പ്രവാസിയുടെ പങ്കാളിത്തത്തിന്റെ മേല്‍കോയ്മ കാണാം. എന്നിട്ടും പക്ഷേ സാമൂഹിക പ്രയോജനപരതയുടെ അന്വേഷണങ്ങളിലേക്ക് പ്രവാസികളെ ചേര്‍ത്തി വെക്കാന്‍ സ്റ്റേറ്റോ, സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ചിന്താ വിഭാഗങ്ങളോ സന്നദ്ധമായിട്ടില്ല.