കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല..

Posted on: March 19, 2016 9:18 am | Last updated: March 19, 2016 at 9:18 am

puravrtham slegകണ്ണൂര്‍: വോട്ടില്ലാ..വോട്ടില്ലാ… കടുവാ പെട്ടിക്കോട്ടില്ല..കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല..തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍…തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും, കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..പണക്കാര്‍ക്ക് മരുഭൂമി..
1966ല്‍ വലയലാര്‍ രചിച്ച് നടന്‍ അടൂര്‍ഭാസി പാടിയ പാട്ടിലെ വരികളാണിവ. കുരുവി സ്ഥാനാര്‍ഥിയല്ല, ചിഹ്നമാണെന്ന് തിരിച്ചറിയാനാണ് മുദ്രാവാക്യ രൂപത്തിലുള്ള പാട്ട് ശ്രദ്ധിക്കുന്നത്. സിനിമ പുറത്തിറങ്ങിയ കാലത്തെ തിരഞ്ഞെടുപ്പ് രീതിയാണ് ചിഹ്നം പതിച്ച പെട്ടിയില്‍ വോട്ടിടുകയെന്നത്. ഇലക്ടോണിക് യന്ത്രവും അതിനു പിറകെ സ്ഥാനാര്‍ഥികളുടെ ചിത്രവുമെല്ലാം വോട്ടര്‍മാര്‍ക്ക് മുന്നില്‍ ദൃശ്യമാകുന്ന പുതിയ കാലത്ത് പെട്ടി നോക്കി വോട്ടിട്ട പഴയ കാലത്തെ വോട്ടിംഗ് ചരിത്രം കൗതുകമുണര്‍ത്തുന്നത് തന്നെയാണ്.
സ്വാതന്ത്ര്യത്തിന് മുമ്പ് വിവിധ തരം വോട്ടിംഗ് രീതികളാണ് ഇന്ത്യയില്‍ നിലനിന്നിരുന്നത്. തിരുവിതാം കൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം ഇത്തരത്തില്‍ പല വോട്ടിംഗ് രീതികളും പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവുംപ്രധാനപ്പെട്ടതായിരുന്നു ‘കളര്‍ ബോക്‌സ് സിസ്റ്റം.’ ഇതനുസരിച്ച് എല്ലാ പോളിംഗ്് ബൂത്തുകളിലും സ്ഥാനാര്‍ഥികളുടെ എണ്ണം അനുസരിച്ച് അത്രയും ബാലറ്റ് പെട്ടികള്‍ വ്യത്യസ്ത നിറങ്ങളില്‍ സജ്ജീകരിച്ചിരിക്കും. ഓരോ പെട്ടിയിലും ഓരോ സ്ഥാനാര്‍ഥികളുെട പേരുമുണ്ടായിരിക്കും.1949ലെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ ് തിരഞ്ഞെടുപ്പിലടക്കം ഇത്തരത്തില്‍ കളര്‍പെട്ടി ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്. അധികാരികളില്‍ നിന്നുള്ള ഭീഷണി മൂലം പ്രചാരണ രംഗത്ത് കാര്യമായി പ്രവര്‍ത്തിക്കാനാകാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ പലയിടത്തും തങ്ങളുടെ കളര്‍ ചുവപ്പാണെന്ന് വോട്ടര്‍മാരെ മനസ്സിലാക്കിക്കാന്‍ പല അടവുകളും പ്രയോഗിച്ചിരുന്നു. ചുവന്ന തുണി കീറിയെടുത്ത് കയ്യില്‍ കെട്ടിയും കുടയുടെ ചുവപ്പ് പിടി വോട്ടര്‍മാരെ കാണിച്ചുമെല്ലാമാണ് പലയിടങ്ങളിലും വോട്ടെടുപ്പ് ദിവസം ഇവര്‍ നിശബ്ദ പ്രചാരണം നടത്തിയിരുന്നത്. ഏജന്റുമാരെയും സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുപ്പ് പ്രമാണിച്ച് അറസ്റ്റ് ചെയ്യുന്നതിനാല്‍ പ്രചാരണത്തിന് ഇതേ വഴിയുണ്ടായിരുന്നുള്ളുവെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അധികം വൈകാതെ തന്നെ ഈ പെട്ടികളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം പതിക്കുന്ന രീതി നിലവില്‍ വന്നു. അങ്ങനെ 1952 ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പു മുതല്‍ കാളപ്പെട്ടിയും കടുവപ്പെട്ടിയും ആനപ്പെട്ടിയുമൊക്കെ തിരഞ്ഞെടുപ്പു വേദിയിലെത്തി. ഈ രീതി അനുസരിച്ച് സമ്മതിദായകന്‍ ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാം.
എന്നാല്‍ ഈ പരീക്ഷണം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീട് രംഗത്തു വന്നതും പ്രചുരപ്രചാരം നേടിയതുമായിരുന്നു ‘മാര്‍ക്കിംഗ് സിസ്റ്റം’. 1958 ല്‍ ദേവികുളം ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ രീതി പരീക്ഷിച്ചത്. കാലം മാറുകയും സാങ്കേതിക പുരോഗതിയില്‍ രാജ്യം വന്‍ നേട്ടം കൈവരിക്കുകയും ചെയ്തതോടെയാണ് വോട്ടിംഗ് യന്ത്രം കടന്നു വന്നത്. ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ്് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുവാനുള്ള ഭാഗ്യം ലഭിച്ചതും കേരളത്തിനായിരുന്നു.1982 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജകമണ്ഡലത്തിലെ 56 ബൂത്തുകളിലായിരുന്നു വോട്ടിംഗ് യന്ത്രത്തിന്റെ ആദ്യപരീക്ഷണം. എന്നാല്‍ വോട്ടിംഗ് ഉപയോഗിച്ചുള്ള ഈ പരീക്ഷണം പിന്നീട് കോടതിയേറുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിലെ എ സി ജോസ് വോട്ടിംഗ്് യന്ത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ഒടുവില്‍ സുപ്രിം കോടതി വരെയെത്തി. ജനാപ്രാതിനിധ്യനിയമം (1951) അനുസരിച്ച് ബാലറ്റിലൂടെ മാത്രമേ വോട്ട് രേഖപ്പെടുത്തുവാനാകൂ എന്നും ഇതിനാല്‍ വോട്ട് യന്ത്രം ഉപയോഗിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചു. തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടന്നു.