Connect with us

Articles

ചൂടും സൂര്യാഘാതവും എങ്ങനെ പ്രതിരോധിക്കാം?

Published

|

Last Updated

സംസ്ഥാനത്തെ വേനല്‍ ചൂട് മാര്‍ച്ച് മാസത്തില്‍ മുമ്പത്തെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ്. കൂടിയ ശരാശരി ചൂട് നാല്‍പ്പതിനോടടുക്കുന്നു. കുറഞ്ഞ താപനില ശരാശരി 29ലും. ഇത് അസഹ്യമായ ഉഷ്ണത്തിനും താപതരംഗത്തിനും സൂര്യാഘാതമേല്‍ക്കുന്നതിനും വേനല്‍ക്കാല രോഗങ്ങള്‍ പെരുകുന്നതിനും ഇടവരുത്തും. കുറഞ്ഞ ചൂട് വര്‍ധിച്ചതാണ് രാത്രിയിലും പകലിലും ഒരുപോലെ ചൂട് വര്‍ധനയുള്ള അനുഭവം ഉണ്ടാക്കുന്നത്. ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കടലില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസമാണ് ഇപ്പോഴത്തെ ചൂടുവര്‍ധനവിന് കാരണമെന്ന് കണക്കാക്കുന്നു. സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങള്‍ ശക്തി പ്രാപിക്കുന്നതാണ് എല്‍നിനോക്ക് കാരണമാകുന്നത്. ഇത് അന്തരീക്ഷ താപനിലയില്‍ മാറ്റം വരുത്തുകയും കാറ്റിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്നതോടെ കാലാവസ്ഥ കടുത്ത നിലയിലേക്ക് മാറും. മഴയുടെ അളവ് കുറയുകയും രൂക്ഷമായ വേനലിലേക്ക് രാജ്യങ്ങളെ തള്ളിവിടുകയും ചെയ്യുന്ന പ്രതിഭാസം. വരണ്ട കാലാവസ്ഥയും കുടിവെള്ള ക്ഷാമവും അസഹനീയമായ ചൂടും സമ്മാനിക്കും. ഇതിനൊപ്പം മനുഷ്യര്‍ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടിയാകുമ്പോള്‍ വേനല്‍ കടുത്തുവരും. വികസനത്തിന്റെ പേരില്‍ നാം ഉണ്ടാക്കിയിരിക്കുന്ന റോഡുകളും കോണ്‍ക്രീറ്റ് സൗധങ്ങളും പകല്‍ വലിച്ചെടുക്കുന്ന ചൂട് രാത്രിയില്‍ താപതരംഗമായി രാത്രികാലങ്ങളില്‍ പുറത്ത് വിടും. കേരളത്തിലെ അമിതമായ ചൂട് വര്‍ധനവിന് പ്രധാന കാരണം അശാസ്ത്രീയമായ നഗരവത്കരണമാണ്. കുന്നുകള്‍ തച്ചുടച്ച് തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുള്‍ നികത്തുകയും വയലുകള്‍ക്ക് രൂപമാറ്റം വരുത്തുകയും വനമേഖല നശിപ്പിക്കുകയും ചതപ്പുകളും നെല്‍പാടങ്ങളും ഇല്ലാതാക്കുകയും ചെയ്തതോടെ കാലാവസ്ഥാ വ്യതിയാന ഫലങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രകടമാകുന്ന സ്ഥിതിവിശേഷമായി. നമ്മുടെ പ്രകൃതിദത്തമായ സംവിധാനങ്ങള്‍ ചൂടിനെ നിയന്ത്രിക്കുന്നതില്‍ ഒരു ബഫര്‍ സംവിധാനം പോലെ പ്രവൃത്തിച്ചു വരികയായിരുന്നു. അശാസ്ത്രീയ വികസന പദ്ധതികള്‍ നാടിനെ തീ ചൂളയില്‍ എത്തിച്ചിരിക്കുന്നു. വാഹനപ്പെരുപ്പം വരുത്തിയ വായു മലിനീകരണം, വര്‍ധിച്ച തോതില്‍ നിലനില്‍ക്കുന്ന പൊടി പടലങ്ങള്‍, വര്‍ധിച്ച എ സി ഉപയോഗം, വീടുകളുടെ മുകളില്‍ വിരിക്കുന്ന ലോഹ ഷീറ്റുകള്‍ എന്നിവയെല്ലാം അന്തരീക്ഷ ചൂട് വര്‍ധനവിന് കാരണമായി. സംസ്ഥാനത്തെ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ് വഴുതി വീഴുന്നത്. ഇത് മലിന ജലം ഉപയോഗത്തിന് കാരണമാകുന്നു. ഇങ്ങനെ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. ഛര്‍ദി, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ കൂടാതെ ചിക്കന്‍ പോക്‌സ്, മുണ്ടിനീര്, ചെങ്കണ്ണ്, അഞ്ചാം പനി, ഡിങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്കും അവസരം ഒരുക്കിയിരിക്കുകയാണ്.
ഭൂഗര്‍ഭ ജല ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന വേനല്‍ക്കാലത്ത് ജലവിതാനം ക്രമാതീതമായി താഴോട്ട് പോകുകയാണ്. നദികള്‍ ഒഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാകാന്‍ ദിവസങ്ങള്‍ മതി. പ്രാദേശിക ജലലഭ്യത കുറയുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. സൂര്യാഘാതം ഉണ്ടാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തൊലിയില്‍ കുമിളകള്‍ പോലെ പൊങ്ങിവരികയും അസഹനീയമായ വേദന അനുഭവപ്പെടുകയും തൊലി ചുവന്ന് തുടുത്ത് ചൂട് വമിക്കുന്ന അവസ്ഥ വരികയും ചെയ്യുന്നത് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും. പനി, നാഡീ മിടിപ്പ് വര്‍ധന, വിളര്‍ച്ച, തളര്‍ച്ച, ക്ഷീണം എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. തലവേദന, ഛര്‍ദി, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനാല്‍ ബോധക്ഷയവും കിതപ്പും അനുഭവപ്പെടാം. ശരീരത്തിന്റെ തണുപ്പിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതാണ് ശരീര ചൂട് വര്‍ധനവിന് മുഖ്യകാരണം. ശരീരം അമിതമായി വിയര്‍ക്കുന്നതിനാല്‍ ശരീരജലാംശം വളരെ പെട്ടെന്ന് കുറഞ്ഞുവരും. പകല്‍ കൂടുതല്‍ സൂര്യാതാപമേറ്റാല്‍ സൂര്യാഘാതമുണ്ടാകും. ശരീരവിയര്‍പ്പിനോടൊപ്പം ശരീരത്തിലെ ഉപ്പും നഷ്ടമാകുന്നതോടെ സൂര്യാഘാത മേല്‍ക്കുന്നവര്‍ തളര്‍ന്നുപോകും. ഇത് ശരീരചൂട് ക്രമാതീതമായി ഉയരുന്നതിന് കാരണാകും. മേല്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. സംസ്ഥാനത്ത് പലയിടങ്ങളിലും ലഭിക്കുന്ന വേനല്‍ മഴ ചൂട് വര്‍ധനവിനാണ് കാരണമാകുന്നത്.
ഈ സാഹചര്യത്തില്‍ വേനലിനെ നേരിടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പകല്‍ 12നും മൂന്നിനുമിടയില്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, വെയിലേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. പൊള്ളലേറ്റ് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുകയും ചികിത്സ തേടുകയും ചെയ്യുക. പകല്‍ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടുക, രാത്രി തുറന്നിടുക. (ഇങ്ങനെ ചെയ്യുമ്പോള്‍ മോഷണ ശ്രമങ്ങള്‍ കരുതിയിരിക്കുകയും വേണം).
ഉച്ചക്ക് കുളിക്കുന്നത് നന്നായിരിക്കും. കൊച്ചുകുട്ടികളെ പകല്‍ രണ്ട് തവണയെങ്കിലും കുളിപ്പിച്ച് വൃത്തിയാക്കുക, ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും കത്തിക്കാതിരിക്കുക, ചവറുകള്‍ കത്താതിരിക്കാന്‍ വെള്ളം തെളിച്ച് നനച്ചിടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൊതു യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വായുമലിനീകരണവും അന്തരീക്ഷ ചൂടും കുറയാന്‍ സഹായിക്കും. ജലത്തിന്റെ ദുരുപയോഗം തടയേണ്ടതുണ്ട്. തളിപ്പിച്ച് ആറ്റിയ ശുദ്ധജലം കുടിക്കുക, അഴുക്ക് വസ്ത്രങ്ങള്‍ കഴുകുന്നതില്‍ കൂടുതല്‍ ശ്രദ്ധവേണം. അടിവസ്ത്രങ്ങള്‍ ദിനേന കഴുകി വൃത്തിയാക്കണം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ വിറ്റാമിന്‍ ഇ തൈലം തൊലിയില്‍ പുരട്ടുന്നത് നല്ലതാണ്. ഉരുളന്‍കിഴങ്ങ് പേസ്റ്റ് ശരീരത്തില്‍ പുരട്ടുന്നതും നല്ലതാണ്. പകല്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുന്നതാണ് സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.