Connect with us

Gulf

ഇന്‍ഡിഗോയില്‍ നിക്ഷേപമിറക്കാന്‍ സന്നദ്ധത അറിയിച്ച് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദോഹ : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓഹരികള്‍ സ്വന്തമാക്കി സര്‍വീസ് രംഗത്ത് സഹകരിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് ശ്രമം തുടരുന്നു. ഇന്‍ഡിഗോയുമായി സഹകരിച്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്ന വ്യാപാര തന്ത്രത്തിന്റ ഭാഗമായാണ് ഖത്വര്‍ എയര്‍വേയ്‌സ് ശ്രമം തുടരുന്നത്. ഓഹരികള്‍ തങ്ങള്‍ക്കു തരാന്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും എന്നാല്‍ അവര്‍ക്കു താത്പര്യമുണ്ടെങ്കില്‍ ഖത്വര്‍ എയര്‍വേയ്‌സിന് അതീവ താതപര്യമുണ്ടെന്നും സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ഇന്നലെ വ്യക്തമാക്കി. ഹൈദരാബാദില്‍ ഇന്ത്യാ ഏവിയേഷന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോ ഓഹരിക്കായി ഖത്വര്‍ എയര്‍വേയ്‌സ് ശ്രമം നടത്തിയിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു. ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ നെറ്റ് വര്‍ക്കില്‍ ആധിപത്യം സ്ഥാപിക്കാനായ ഇത്തിഹാദ് എയര്‍വേയ്‌സ് മാതൃകയില്‍ ഖത്വര്‍ ഹബ്ബായി ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങി ആഗോള കണക്ടിവിറ്റിക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് ശ്രമം.
നിലവില്‍ ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് നേരിട്ടുള്ള സര്‍വീസുള്ളത്. ഇന്‍ഡിഗോയുമായി സഹകരിക്കാനായാല്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും യാത്രക്കാരെ വഹിക്കാനാകും. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പറക്കുന്നതിന് സീറ്റുകള്‍ അനുവദിക്കാന്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന വകുപ്പ് സന്നദ്ധമാകാത്ത പ്രശ്‌നം മറികടക്കുക കൂടി ഇന്ത്യന്‍ വിമാനങ്ങളില്‍ നിക്ഷേപമിറക്കുക വഴി ഗള്‍ഫ് വിമാനങ്ങള്‍ ലക്ഷ്യം വെക്കുന്നു.
വിദേശ വിമാനങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളുടെ അത്രയും സീറ്റുകളില്‍ തിരിച്ചു സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് വിമാനങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ നല്‍കരുതെന്ന നിപാടിലാണ് എയര്‍ ഇന്ത്യയും സ്വകാര്യ വിമാനങ്ങളും. അതിനിടെ ഇന്‍ഡിഗോ ഖത്വറിലേക്കു സര്‍വീസ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സൂചനയുണ്ട്. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നായിരിക്കും ആദ്യ സര്‍വീസുകള്‍.