എണ്ണ ഉത്പാദന രാജ്യങ്ങളുടെ യോഗം അടുത്ത മാസം

Posted on: March 18, 2016 2:03 pm | Last updated: March 18, 2016 at 2:03 pm

oilമസ്‌കത്ത്: എണ്ണവില ഉയര്‍ത്തുന്നതിനായി ഉല്‍പാദനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ യോഗം അടുത്ത മാസം ദോഹയില്‍. കഴിഞ്ഞമാസം ദോഹയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് യോഗമെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ സാലാഹ് അല്‍ സാദ പറഞ്ഞു. ഒപെക് രാജ്യങ്ങളും ഒപെക്കിനു പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും. ജനുവരി മാസത്തെ തോതില്‍ ഉല്‍പാദനം നിയന്ത്രിക്കാനായിരുന്നു കഴിഞ്ഞമാസം ദോഹയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ ധാരണ.

സൗദി അറേബ്യ, റഷ്യ, വെനസ്വേല, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തിലെ ധാരണയോടു പക്ഷേ ഒപെക് അംഗമായ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അടുത്ത മാസത്തെ ദോഹ ചര്‍ച്ചയിലും ഇറാന്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഒപെക്, ഒപെക് ഇതര 15 രാജ്യങ്ങള്‍ ധാരണയോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചതായി അല്‍ സാദ പറഞ്ഞു. ആഗോള എണ്ണ ഉല്‍പാദനത്തിന്റെ 73 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന 15 രാജ്യങ്ങളാണിവയെന്നും അല്‍ സാദ പറഞ്ഞു. ഉല്‍പാദനം നിയന്ത്രിക്കുന്നതില്‍നിന്ന് ഇറാനെ ഒഴിവാക്കി കൊണ്ടുള്ള കരാറിന് അടുത്തമാസം ചേരുന്ന യോഗത്തില്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ഉപരോധത്തിനു ശേഷം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള അവകാശം ഇറാനുണ്ട്. ഒരാളെ ഒഴിവാക്കിക്കൊണ്ടുള്ള ധാരണ ശരിയല്ലെങ്കിലും ആ പേരില്‍ ധാരണ ഇല്ലാതാകില്ലെന്നും അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു. ഇറാനെ അനുനയിപ്പിക്കാനായി കഴിഞ്ഞദിവസം നൊവാക് ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ അടുത്തമാസം ദോഹയില്‍ ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനം ഇടിഞ്ഞുനിന്ന എണ്ണ വിപണിയെ ഉണര്‍ത്തി. രണ്ടുദിവസമായി ഇടിവു തുടര്‍ന്ന എണ്ണ വിപണിയില്‍ പ്രഖ്യാപനം വന്നതോടെ വില ഉയര്‍ന്നു. ഇന്നലെ ബ്രെന്‍ഡ് ക്രൂഡ് വില 1.3 ശതമാനം വര്‍ധിച്ച് ബാരലിന് 39.22 ഡോളറിലെത്തി.