മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് കുത്തനെ ഉയര്‍ത്തി

Posted on: March 18, 2016 1:49 pm | Last updated: March 18, 2016 at 1:49 pm

FEEമസ്‌കത്ത്:രക്ഷിതാക്കള്‍ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് കുത്തനെ ഉയര്‍ത്തി. മാസത്തില്‍ നാല് റിയാലാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ അധികം നല്‍കേണ്ടത്. രക്ഷിതാക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ് നിരക്ക് വര്‍ധന വ്യക്തമാക്കുന്നത്.

വര്‍ധിപ്പിച്ച നിരക്ക് പ്രകാരം അടുത്ത അധ്യായന വര്‍ഷം 48 റിയാല്‍ രക്ഷിതാക്കള്‍ ഓരോ വിദ്യാര്‍ഥിക്കും അധികം നല്‍കണം. കഴിഞ്ഞ വര്‍ഷവും മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഒരു റിയാല്‍ വര്‍ധിപ്പിച്ചിരുന്നു. ഒരു റിയാലില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി വേണം എന്നിരിക്കെ ബോര്‍ഡിന്റെ അനുമതിയോടെ നടന്ന ഫീസ് വര്‍ധന രക്ഷിതാക്കളോടുള്ള വഞ്ചനയാണെന്നും ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഫീസ് നിരക്ക് വര്‍ധനക്കെതിരെ സംസാരിച്ച് വോട്ട് തേടിയവര്‍ അധികാരത്തിലെത്തിയപ്പോള്‍ സാധാരണക്കാരെ മറക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്യാമ്പയിനും മറ്റുമായി ഫീസ് വര്‍ധനക്കെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ചെലവ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ അധികം വരുന്ന ചെലവ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന രീതിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഏറണാകുളം സ്വദേശിയായ രക്ഷിതാവ് ബ്രേഷ്ണവ് സണ്ണി പറഞ്ഞു. മിസ് മാനേജ്‌മെന്റിലൂടെ അധിക ചെലവ് വരുത്തുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് രക്ഷിതാവും മുന്‍ ബി ഒ ഡി അംഗവുമായ റജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു. 64 സ്മാര്‍ട്ട് ബോര്‍ഡുകള്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും വിലയ തുക മുടക്കി വാങ്ങിയെങ്കിലും ഇവ ഇപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ആവശ്യത്തിലധികം തൂകയാണ് ഓരോ പദ്ധതികള്‍ക്കും മാനേജ്‌മെന്റ് ചെലവഴിക്കുന്നത്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കി രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന അമിതഭാരം ഇല്ലാതാക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്നും റജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു.
സ്‌കൂളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്ക് അമിതമായി തുക ചെലവഴിച്ചതായും അനധികൃത പ്രവൃത്തിയുടെ പേരില്‍ നിരവധി തവണകളായി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴ അടക്കേണ്ടി വന്നതായും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സ്‌കൂള്‍ ഫീസ് വര്‍ധന സംബന്ധമായി ഓപണ്‍ ഫോറത്തില്‍ ചര്‍ച്ച നടന്നിട്ടില്ല എന്നതും രക്ഷിതാക്കള്‍ക്കിടയില്‍ പരാതിയായി നലനില്‍ക്കുന്നുണ്ട്.
ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലും പുതിയ അധ്യായന വര്‍ഷം മുതല്‍ ഫീസ് നിരക്ക് വര്‍ധിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ വഴി സ്‌കൂള്‍ മാനേജ്‌മെന്റ് സന്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.