സിറിയയില്‍ പ്രത്യേക സ്വയംഭരണ മേഖല പ്രഖ്യാപിച്ച് കുര്‍ദുകള്‍

Posted on: March 18, 2016 9:52 am | Last updated: March 18, 2016 at 9:52 am
SHARE

syriaദമസ്‌കസ്: വടക്കന്‍ സിറിയയില്‍ കുര്‍ദ് നിയന്ത്രണത്തിലുള്ള മൂന്ന് മേഖലകളെ സ്വയംഭരണ ഫെഡറല്‍ സംവിധാനമായി സിറിയന്‍ കുര്‍ദ് ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി (പി വൈ ഡി)യും മറ്റു സഖ്യപാര്‍ട്ടികളും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള നിരവധി വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്ന് പി വൈ ഡി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. മേഖലയിലെ വിവിധ വിഭാഗങ്ങള്‍ രണ്ട് ദിവസത്തെ യോഗത്തിനൊടുവില്‍ സ്വയംഭരണ പ്രമേയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. മൂന്ന് കുര്‍ദ് മേഖലകളെയും ഒരൊറ്റ ഫെഡറല്‍ സംവിധാനത്തിന് കീഴിലാക്കുന്നതാണ് ഈ പദ്ധതി.

കുര്‍ദ്, അറബ്, അസീറിയന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും രാജ്യത്തിനകത്ത് മറ്റൊരു ഫെഡറല്‍ സംവിധാനം അനുവദിക്കില്ലെന്നുമാണ് സിറിയന്‍ സര്‍ക്കാറും മറ്റൊരു പ്രധാന പ്രതിപക്ഷവും പറയുന്നത്. എന്ത് പേരിലായാലും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന ഏത് നീക്കത്തെയും നിയന്ത്രിക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സിറിയന്‍ ഭരണഘടനക്ക് വിരുദ്ധമായ നീക്കമാണ് മറ്റൊരു ഫെഡറല്‍ സംവിധാനത്തിന്റെ രൂപവത്കരണമെന്നും ഇത് ദേശീയ, അന്തര്‍ദേശീയ പരിഹാരങ്ങള്‍ക്ക് എതിരാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ സിറിയന്‍ ദേശീയ സഖ്യവും ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചു. രാജ്യത്തിനകത്ത് മറ്റൊരു സ്വയംഭരണ പ്രദേശം സൃഷ്ടിക്കുന്നത് സിറിയന്‍ ജനതയുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് ഏകപക്ഷീയമായ നടപടിയാണെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ സ്വയംഭരണ സംവിധാനം വരുന്നത് ആശ്വാസകരമാണെന്ന് കുര്‍ദ് അനുകൂലികള്‍ വാദിക്കുന്നു.

പുതിയ ഫെഡറല്‍ മേഖലയെ റൊജാവ എന്നാണ് കുര്‍ദുകള്‍ വിശേഷിപ്പിക്കുന്നത്. മൂന്ന് ജില്ലകളടങ്ങുന്നതാണ് ഈ സ്വയം ഭരണാധികാര മേഖല. ഈ നീക്കം തുര്‍ക്കിയെ ഏതായാലും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ കുര്‍ദ് ശാക്തീകരണം ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കിടയിലെ വിഘടവാദ നീക്കങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് തുര്‍ക്കി ഭയക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here