സൂര്യനെല്ലി കേസ്: വാദം കേള്‍ക്കുന്നത് അടുത്ത മാസം 13ലേക്ക് മാറ്റി

Posted on: March 18, 2016 6:00 am | Last updated: March 18, 2016 at 12:09 am
SHARE

supreme-court-indiaന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതാണ് സുപ്രീംകോടതി അടുത്തമാസം 13ലേക്കു മാറ്റിയത്. അതേസമയം അപ്പീല്‍ കേള്‍ക്കുന്നത് വൈകുകയാണെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി നിരാകരിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം സൂര്യനെല്ലി പെണ്‍വാണിഭ കേസ് വളരെ ഗുരുതരമായ കേസാണെന്നും ഇതിനാല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കരുതെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. വി ഗിരിയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എം ആര്‍ രമേശ് ബാബുവും വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്. സൂര്യനെല്ലി പെണ്‍വാണിഭക്കേസ് പ്രതികളില്‍ നാല് പേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ധര്‍മരാജന്‍ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാറും ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് 2013 ജനുവരിയില്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഒപ്പം ഹൈക്കോടതിയോട് ഇക്കാര്യം പുനഃപരിശോധിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നടത്തിയ പുനര്‍ വിചാരണയില്‍ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ അംഗീകരിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here