ഉമ്മന്‍ ചാണ്ടിക്കെതിരെ ‘കുട്ടി’ സ്ഥാനാര്‍ഥി

Posted on: March 18, 2016 5:01 am | Last updated: March 18, 2016 at 8:49 am

jaikകോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ എസ് എഫ് ഐ നേതാവ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയാണ് സി പി എം രംഗത്തിറക്കുന്നത്. കോട്ടയം മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസ് എം ജി സര്‍വകലാശാലയില്‍ എം എ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ഥിയാണ്. സുരേഷ്‌കുറുപ്പ് എം എല്‍ എക്കും പി കെ ബിജു എം പിക്കും ശേഷം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റാവുന്ന കോട്ടയം സ്വദേശിയാണ് ജെയ്ക്.
എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജെയ്കിനെ അടുത്തിടെയാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. സിന്ധുജോയി 2006ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
പുതുപ്പള്ളിയില്‍ നിന്ന് തന്നെയുള്ള ഒരു സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയെ നേരിടണമെന്ന വികാരം പരിഗണിച്ചതോടെയാണ് ജെയ്ക്ക് സി തോമസിന് നറുക്ക് വീണത്. യാക്കോബായ സഭാംഗമായ ജെയ്ക്ക് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്ക് തുല്യ ശക്തിയുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ജെയ്ക്കിന് കഴിയുമെന്നാണ് സി പി എം കണക്ക് കൂട്ടല്‍.
ജില്ലയില്‍ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവടങ്ങളിലാണ് സി പി എം മല്‍സരിക്കുന്നത്. വൈക്കം, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ സി പി ഐയും പാലായില്‍ എന്‍ സി പിയും മത്സരിക്കും. പൂഞ്ഞാര്‍ കേരളാ കോണ്‍ഗ്രസ് സെക്യുലറിനും കടുത്തുരുത്തി കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിനും ചങ്ങനാശ്ശേരി ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും നല്‍കാണ് സാധ്യത.
കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുന്ന അഡ്വ. റെജി സക്കറിയ 1996ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് കോട്ടയത്ത് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥി.