ഒടുവില്‍ ഏറ്റുമാനൂരിലെ നറുക്ക് സുരേഷ് കുറുപ്പിന്

Posted on: March 18, 2016 5:58 am | Last updated: March 18, 2016 at 12:01 am
SHARE

SURESH KURUPPUതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സിറ്റിംഗ് എം എല്‍ എ സുരേഷ്‌കുറുപ്പിനെ വീണ്ടും മത്സരിപ്പിക്കും. കൊല്ലത്ത് നടന്‍ മുകേഷിനെയും ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെയും മത്സരിപ്പിക്കാന്‍ അതാത് ജില്ലാ സെക്രട്ടേറിയറ്റുകളില്‍ ധാരണയായി. തിരുവനന്തപുരം ജില്ലയിലും തര്‍ക്കമുണ്ടായിരുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ സമവായമായിട്ടുണ്ട്. 20ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലി ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സുരേഷ്‌കുറുപ്പിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുകയായിരുന്നു. കോട്ടയത്ത് റജി സഖറിയയായിരിക്കും മത്സരിക്കുക.
കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എന്‍ വാസവനെ ആദ്യം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് നിരാകരിച്ചതോടെ അദ്ദേഹത്തെ ഒഴിവാക്കിയാണ് പുതിയ പട്ടിക തയാറാക്കിയത്. സുരേഷ് കുറുപ്പിനെ വീണ്ടും ഏറ്റുമാനൂരിലേക്ക് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും അന്തിമതീരുമാനം. നാല് തവണ എം പിയും ഒരു തവണ എം എല്‍ എയുമായ സുരേഷ് കുറുപ്പിനെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒഴിവാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊല്ലത്ത് പി കെ ഗുരുദാസനെ മത്സരിപ്പിക്കണമെന്ന ജില്ലാസെക്രട്ടേറിയറ്റ് ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനനേതൃത്വം തള്ളിയിരുന്നു. തുടര്‍ന്ന്, ദേശാഭിമാനി രാഷ്ട്രീയകാര്യലേഖകന്‍ ആര്‍ എസ് ബാബുവിനെ പരിഗണിച്ചെങ്കിലും എതിര്‍പ്പുയര്‍ന്നതോടെയാണ് ചര്‍ച്ച നടന്‍ മുകേഷിലേക്ക് എത്തിയത്. ഇരവിപുരം സീറ്റിലേക്കാണ് മുകേഷിനെ നേരത്തെ പരിഗണിച്ചത്. കൊട്ടാരക്കരയില്‍ ഐഷാപോറ്റിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് നിര്‍ദേശം.
നേരത്തെ തന്നെ മുകേഷിന്റെ പേര് സി പി എം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ഇരവിപുരം മണ്ഡലത്തിലായിരുന്നു മുകേഷിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നത്. അതേസമയം, കായംകുളം മണ്ഡലത്തില്‍ രജനി ജയദേവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായി. സി പി എമ്മിന്റെ വിവിധ കമ്മിറ്റികളില്‍നിന്ന് നേതൃത്വത്തിന് പരാതി പ്രവാഹമാണ്. ജയസാധ്യയുള്ള നിരവധി നേതാക്കളെ ഒഴിവാക്കിയാണ് രജനിയെ സ്ഥാനാര്‍ഥിയാക്കിയതെന്നാണാക്ഷേപം. സിറ്റിംഗ് എം എല്‍ എ. സി കെ സദാശിവന്‍ ഉള്‍പെടെയുള്ളവരെ മാറ്റിനിര്‍ത്തി രജനിയെ ശിപാര്‍ശ ചെയ്തത് ചിലനേതാക്കള്‍ക്ക് ബി ഡി ജെ എസ്സുമായുള്ള രഹസ്യ ബന്ധമാണെന്നാണ് ആക്ഷേപം. ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ അടുത്ത ബന്ധുവാണ് രജനി ജയദേവ്.
ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് മാധ്യമപ്രവര്‍ത്തക വീണജോര്‍ജ്ജിനെ ആറന്മുളയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സി പി എം തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ ഏഴ് പേരുകളാണ് പാര്‍ട്ടി ജില്ലാ ഘടകം സംസ്ഥാന സെക്രട്ടേറിയറ്റിന് നിര്‍ദ്ദേശിച്ചിരുന്നത്, എന്നാല്‍ ഇതില്‍ അമര്‍ഷം രേഖപ്പെടുത്തിയ സംസ്ഥാന നേത്യത്വം രണ്ട് പേരുടെ ചുരുക്കപ്പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ ഘടകത്തോട് ആവശ്യപ്പെട്ടു. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. അഞ്ച് തവണ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിട്ടും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ജില്ലയിലെ മറ്റ് സീറ്റുകളിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. തൃക്കാക്കരയില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത സെബാസ്റ്റ്യന്‍ പോളിനെ ഒഴിവാക്കി. പകരം സി എന്‍ മോഹനന്റെയും ദിനേശ് മണിയുടേയും പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറുക.
തര്‍ക്കം നിലനിന്ന കളമശ്ശേരിയില്‍ അഡ്വ. യേശുദാസ് പറപ്പള്ളിയെയാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരിക്കുന്നത്. പിറവംഎം ജെ ജേക്കബ്, എറണാകുളം എം അനില്‍കുമാര്‍, കൊച്ചികെ ജെ മാക്‌സി, ആലുവവി സലിം, കുന്നത്തുനാട് ഷിജി ശിവജി എന്നിവരും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് സി പി എം മത്സരിക്കുന്ന പത്തില്‍ ഏഴു സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേരത്തേ ധാരണയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റപ്പേരു ്യൂനല്‍കാന്‍ സംസ്ഥാന്യൂ സമിതി ്യൂനിര്‍ദേശിച്ച മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഇന്നലെ തീരുമാനമായത്. വര്‍ക്കലയില്‍ അഡ്വ.വി ജോയിയും നെയ്യാറ്റിന്‍കരയില്‍ കെ എ ആന്‍സലനും അരുവിക്കരയില്‍ എ എ റഷീദും മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here