നേതൃതലത്തിലെ പോര്; ഹൈക്കമാന്‍ഡ് ഇടപെടും

Posted on: March 18, 2016 6:00 am | Last updated: March 17, 2016 at 11:50 pm
SHARE

voteതിരുവനന്തപുരം:കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ രൂക്ഷഭിന്നത മറികടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടും. തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കെ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് മുന്നണിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് കണ്ടതോടെയാണ് വിഷയത്തിലെ അടിയന്തര ഇടപെടല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മന്ത്രിമാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പ്രസിഡന്റ് ശ്രമിക്കുന്നുവെന്ന പരാതിയാണ് മുഖ്യമന്ത്രിക്ക്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെയും വിഷയം ധരിപ്പിച്ചിട്ടുണ്ട്.
കെ പി സി സി പ്രസിഡന്റ് എന്ന പദവിയെ അനാദരിക്കുന്ന നിലപാടാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സ്വീകരിച്ചതെന്ന് വി എം സുധീരനും കുറ്റപ്പെടുത്തുന്നു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇരു ഗ്രൂപ്പുകളും തനിക്കെതിരെ തിരിയുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ സുധീരന്‍ നിലപാട് കടുപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള സുധീരന്റെ പ്രസ്താവന മുന്നണിക്കും പാര്‍ട്ടിക്കും ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുടര്‍വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് മുകുള്‍ വാസ്‌നിക് നിര്‍ദേശം നല്‍കി. കരുണ വിഷയത്തില്‍ വി എം സുധീരന്റെ നിലപാടില്‍ കോണ്‍ഗ്രസ് മന്ത്രിമാരും അമര്‍ഷത്തിലണ്. ഭേദഗതിയല്ല വേണ്ടതെന്നും ഉത്തരവ് പിന്‍വലിച്ചേ മതിയാകൂവെന്നുമുള്ള സുധീരന്റെ നിലപാടിലുള്ള അതൃപ്തി മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷവും കെ പി സി സി നിര്‍വാഹക സമിതിക്കു ശേഷവുമാണ് മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഘടകകക്ഷി മന്ത്രിമാരും അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച ശേഷവും സുധീരന്‍ നിലപാട് ആവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മന്ത്രിമാരുടെ പക്ഷം. സര്‍ക്കാറിനെ സുധീരന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഭിപ്രായപ്രകടനത്തിലും മന്ത്രിമാര്‍ പ്രതിഷേധമറിയിച്ചു. സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ടത്. ചില മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന്, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി അഭിപ്രായം തേടിയതുമാണ്. ഉത്തരവ് പിന്‍വലിച്ചാല്‍ മറ്റു കേസുകളില്‍ ഉള്‍പ്പടെ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന് നിയമ സെക്രട്ടറി അറിയിച്ചു. ഉത്തരവ് പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഉത്തരവില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
സുധീരന്റെ നിലപാടിനോടുള്ള എതിര്‍പ്പ് എ, ഐ ഗ്രൂപ്പുകളും മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെട്ട് തര്‍ക്കം പരിഹരിക്കണം. സുധീരന്റെ നിലപാടുകള്‍ നേതൃനിരയിലെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തി. ഇത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ചൂണ്ടിക്കാട്ടി പരാതികളുടെ പ്രളയമാണ്. പ്രശ്‌നം കേരളത്തില്‍ തന്നെ പരിഹരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരനെതിരെ ഒരുമിച്ചുനീങ്ങാന്‍ നേരത്തെ എ, ഐ ഗ്രൂപ്പുകളില്‍ ധാരണയായിരുന്നു. ഇതാണ് സുധീരനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
നിര്‍വാഹക സമിതിയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച സുധീരന്‍, നിലപാട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതിയുമായി ഗ്രൂപ്പ് നേതാക്കള്‍ മുകുള്‍ വാസ്‌നികിനെ സമീപിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദപരമായ തീരുമാനമെടുത്തത് ശരിയായില്ലെന്ന അഭിപ്രായം മുകുള്‍ വാസ്‌നിക് നേതാക്കളെ അറിയിച്ചിട്ടുണ്ട്. നാളെ കേരളത്തിലെത്തുന്ന മുകുള്‍ വാസ്‌നിക് വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here