യമനിലെ സൈനിക ഇടപെടല്‍ സഊദി അവസാനിപ്പിക്കുന്നു

Posted on: March 18, 2016 5:48 am | Last updated: March 17, 2016 at 10:49 pm

റിയാദ്/സന്‍ആ: യമനിലെ സൈനിക ഇടപെടലില്‍ നിന്ന് പിന്തിരിയാന്‍ സഊദി തയ്യാറെടുക്കുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ ആക്രമണം അവസാനിക്കാന്‍ പോകുകയാണെന്ന് സഊദി സൈനിക വക്താവ് വ്യക്തമാക്കി. യമനിലെ ഹൂത്തി വിമത നേതൃത്വം സഊദി അധികൃതരുമായി സമാധാന ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സഖ്യസേനയുടെ തീരുമാനം. സര്‍ക്കാറിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി ആക്രമണം അഴിച്ചുവിട്ട ഹൂത്തികള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് സഊദിയുടെ നേതൃത്വത്തില്‍ സഖ്യസേന ആക്രമണം ആരംഭിച്ചത്. ഒമാന്‍ ഒഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും സഖ്യസേനയില്‍ അംഗമായി.
യമന്റെ സ്ഥിരത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഖ്യസേനയുടെ സൈനിക നടപടി അവസാനത്തിലെത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസിരിയാണ് വ്യക്തമാക്കിയത്. ആക്രമണം അവസാനിക്കുന്നതോടെ സഊദിയുടെ പിന്തുണയുള്ള യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ് മന്‍സൂര്‍ ഹാദി യമനിലേക്ക് തിരിച്ചുപോകും. ഹൂത്തികുളുടെ നിയന്ത്രണത്തിലായിരുന്ന തായിസിലേക്കാണ് ഹാദി തിരിക്കുകയെന്ന് സൂചനയുണ്ട്.
സഖ്യസേനയുടെ ആക്രമണം അവസാനിപ്പിക്കുമെങ്കിലും വ്യോമ പിന്തുണ തുടരുമെന്ന് സഊദി സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ യമനിലെ വിവിധ ഭാഗങ്ങളില്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ ഹൂത്തി വിമതരുള്‍പ്പടെ ആയിരിക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വടക്കന്‍ യമനിലുണ്ടായ വ്യോമാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര കേന്ദ്രത്തിലായിരുന്നു ആക്രമണം.
വ്യോമാക്രമണം ശക്തമായതോടെ സഖ്യസേനക്കെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. സമാധാന മാര്‍ഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യു എന്‍ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.