Connect with us

Editorial

ജയ് ഹിന്ദ്

Published

|

Last Updated

ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയാണ് സംഘ്പരിവാറിന്റെ പുതിയ ഇര. കഴുത്തില്‍ കത്തി വെച്ചാലും “ഭാരത് മാതാ കീ ജയ്” വിളിക്കില്ലെന്ന ഉവൈസിയുടെ പ്രസ്താവനയില്‍ രോഷം പൂണ്ട് അദ്ദേഹത്തിന്റെ നാവ് അരിയാനും പാക്കിസ്ഥാനിലേക്ക് നാട് കടത്താനും പാര്‍ലിമെന്റ് അംഗത്വം റദ്ദ് ചെയ്യിക്കാനുമെല്ലാമുള്ള ശ്രമത്തിലാണ് അവര്‍. മഹാരാഷ്ട്ര ശിവസേനാ നേതാവും മന്ത്രിയുമായ രാംദാസ് ഖാദമാണ് ഇങ്ങനെ വിളിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും ഇല്ലെങ്കില്‍ പാക്കിസ്ഥാനിലെക്ക് അയക്കുമെന്നും പ്രസ്താവിച്ചത്. ഉവൈസിയുടെ നാവ് അറുക്കുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടാണ് ഉത്തര്‍പ്രദേശ് എ ബി വി പി നേതാവ് ദുഷ്യന്ത് തൊമര്‍ രംഗത്തുവന്നത്. ഇതിന്റെ തുടര്‍ച്ചയായി “ജയ് ഭാരത്” വിളിക്കാന്‍ വിസമ്മതിച്ചതിന് മഹാരാഷ്ട്ര നിയമസഭയിലെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രതിനിധി വാരിസ് പത്താനെ സഭ ഡിസ്മിസ് ചെയ്യുകയുമുണ്ടായി.
എല്ലാ ഇന്ത്യക്കാരും ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഉവൈസി ഈ പരാമര്‍ശം നടത്തിയത്. ഭരണഘടനയില്‍ ഒരിടത്തും അങ്ങനെ ആവശ്യപ്പെട്ടില്ലെന്നും സംഘ്പരിവാറിനെ അദ്ദേഹം ഉണര്‍ത്തുകയുണ്ടായി. ഇത് രാജ്യത്തോടുള്ള അനാദരവാണെന്നാണ് സംഘികളുടെ വാദം. അതേസമയം “ജയ് ഹിന്ദ്” വിളിക്കുന്നതിനോട് ഉവൈസിക്ക് എതിര്‍പ്പില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പാകെ “ജയ്ഹിന്ദ്” വിളിച്ചുകൊണ്ട് ഇങ്ങനെ വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂവെന്ന് അദ്ദേഹം പറയുകയുണ്ടായി. ആര്‍ എസ് എസ് നേതാവ് മറ്റുള്ളവര്‍ക്ക് രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ഒരുമ്പെടുന്നതിലാണ് അദ്ദേഹത്തിന് എതിര്‍പ്പ്.
ഇന്ത്യയോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും ലക്ഷണമായാണ് മോഹന്‍ ഭഗവത് “ഭാരത് കീ ജയ്” മുദ്രാവാക്യത്തെ വിശേഷിപ്പിച്ചത്. ഇത് വിസമ്മതിക്കുന്നവര്‍ രാജ്യത്തെ സ്‌നേഹിക്കാത്തവരാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സ്വന്തം രാജ്യത്തെ സ്‌നേഹിക്കേണ്ടതും സേവിക്കേണ്ടതും എങ്ങനെയെന്ന് ആര്‍ എസ് എസ് പഠിപ്പിക്കേണ്ടതില്ല. ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ദേശീയ സമരത്തില്‍ മുസ്‌ലിം നേതാക്കള്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചതും ഇന്ത്യാ-പാക് യുദ്ധ വേളയില്‍ ഹവില്‍ദാര്‍ അബ്ദുല്‍ഹമാദിനെ പോലുള്ളവര്‍ ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയാറായതും അതുകൊണ്ടായിരുന്നു. ഏതെങ്കിലുമൊരു മുദ്രാവാക്യത്തിലൂടെ പ്രകടിപ്പിക്കേണ്ട ഉപരിപ്ലവമായ ഒന്നല്ല രാജ്യസ്‌നേഹം. ഹൃദയത്തില്‍ ഗാഢമായി വേരൂന്നേണ്ടതും പ്രവര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണേണ്ടതുമാണ്. “”ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭീകരവാദികളുടെ താത്പര്യത്തിന് വഴിപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ മിഥ്യാഭ്രമത്തിലാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ത്യക്കുവേണ്ടി ജീവിക്കും. ഇന്ത്യക്കു വേണ്ടി മരിക്കും. ഇന്ത്യക്ക് ദോഷകരമായ യാതൊന്നും അവര്‍ ആഗ്രഹിക്കുകയില്ല”” എന്ന് നരേന്ദമോദി തന്നെ തുറന്നുസമ്മതിച്ചതാണല്ലോ. ഇന്ത്യന്‍ മുസ്‌ലിംകള്‍ അല്‍ഖാഇദയില്‍ ചേരണമെന്ന അല്‍ഖാഇദ നേതാവിന്റെ പ്രസ്താവനയോടുള്ള പ്രതികരണമാരാഞ്ഞ സി എന്‍ എന്‍ പ്രതിനിധി ഫരീദ് സകരിയ്യയോടാണ് മോദി ഇതുപറഞ്ഞത്.
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയെന്നാണ് ഭരണ ഘടന പ്രകാരം രാജ്യത്തിന്റെ പേര്. അതാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും. സിന്ധു നദിയുടെ പേരില്‍ നിന്നാണ് ഇന്ത്യ എന്ന പേരുണ്ടായതെന്നാണ് ചരിത്രം. സിന്ധു നദിയെ പേര്‍ഷ്യക്കാര്‍ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും വിളിക്കുന്നത് കേട്ട് ഗ്രീക്കുകാര്‍ ഇന്‍ഡസ് (indus) എന്നും ഇന്ത്യ എന്നും വിളിക്കുകയായിരുന്നുവത്രെ. ഹൈന്ദവപുരാണവുമായി ബന്ധപ്പെട്ടാണ് “ഭാരതം” ചിലര്‍ ഉപയോഗിച്ചു തുടങ്ങിയത്. കൈകേയിക്ക് ദശരഥന്‍ കൊടുത്ത ശപഥം മുന്‍നിര്‍ത്തി മകന്‍ രാമനെ വനവാസത്തിനയച്ചപ്പോള്‍ രാമന്റെ സഹോദരന്‍ ഭരതനാണ് രാജ്യം ഭരിച്ചിരുന്നതെന്ന് ചില ഹൈന്ദവപുരാണങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അയോധ്യ ആസ്ഥാനമായി ഭരണം നടത്തിയ ഭരതന്റെ പേരുമായി ബന്ധപ്പെട്ടാണ് ഭാരതമെന്ന പേര് വന്നതെന്നും അതല്ല സരസ്വതി ദേവിയുടെ മറ്റൊരു നാമമായ “ഭാരതി” യില്‍ നിന്നാണെന്നും രണ്ട് പക്ഷമുണ്ട്. രണ്ടായാലും ഹൈന്ദവ പൂരാണങ്ങളില്‍ നിന്ന് വന്ന ഈ നാമം ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ അങ്ങനെ ഉപയോഗിക്കുകയും “ഭാരത് മാതാ കീ ജയ്” വിളിക്കുകയും ചെയ്യട്ടെ. രാജ്യത്തിന്റെ നിലവിലുളളതും ഭരണഘടനാനുസൃതവുമായ പേരാണ് നല്ലതെന്ന പക്ഷക്കാര്‍ ആ പേര് ഉപയോഗിക്കുകയും “ജയ് ഹിന്ദ്” വിളിക്കുകയുമാകട്ടെ. പേരിലല്ല കാര്യം. രാജ്യത്തിന് വേണ്ടി എന്ത് പ്രവര്‍ത്തിക്കുന്നുവെന്നതും മത ജാതി വിവേചനങ്ങള്‍ക്കപ്പുറം ജനങ്ങളെ ഒന്നടങ്കം സഹോദരീ സഹോദരന്മാരായി കണ്ട് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതില്‍ എത്രമാത്രം പ്രതിബദ്ധത കാണിക്കുന്നുവെന്നതുമാണ്.

Latest