ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കുട്ടികള്‍ക്ക് എ ഐ സി ടി കോളജുകളില്‍ സംവരണം

Posted on: March 17, 2016 11:36 am | Last updated: March 17, 2016 at 6:43 pm

aicteമസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മക്കള്‍ക്ക് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് സംവരണം ഏര്‍പ്പെടുത്തി. വിദേശ ഇന്ത്യക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തില്‍ മൂന്നില്‍ ഒന്ന് ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കാന്‍ കഴിഞ്ഞ മാസം 29ന് ചേര്‍ന്ന ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്‍സ് അബ്രോഡ് (ഡാസ) തീരുമാനിക്കുകയായിരുന്നു. രജിസ്‌ട്രേഷന്, അഡ്മിഷന്‍ നിരക്കുകള്‍ കുറച്ചതായും ഡാസ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എ ഐ സി ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കിവരുന്ന യു ജി സ്റ്റഡീസ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി, പി ജി, ഗവേഷണം, മാനേജ്‌മെന്റ് സ്റ്റഡീസ്. വൊക്കേഷനല്‍ എഡ്യുക്കേഷന്‍, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍, ഫാര്‍മസി, ആര്‍ക്കിടെക്ച്ചര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം ബി എ, എം സി എ തുടങ്ങിയ കോഴ്‌സുകളില്‍ ഗള്‍ഫ് ഇന്ത്യക്കാരുടെ കുട്ടികള്‍ക്ക് ഇനി മുതല്‍ ഏളുപ്പത്തില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കും.

2004ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 15 ശതമാനം കോട്ടയാണ് നോണ്‍ റസിഡന്റ് ഇന്ത്യന്‍ (എന്‍ ആര്‍ ഐ) വിദ്യാര്‍ഥികള്‍ക്കായി നീക്കി വെച്ചത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇതിന്റെ മൂന്നില്‍ ഒന്ന് ശതമാനവും ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അഡ്മിഷന്‍ നേടുന്നതിനുള്ള യോഗ്യതയില്‍ ഇളവ് വരുത്തിയിട്ടില്ലെങ്കിലും രജിസ്‌ട്രേഷന്‍, ട്യൂഷന്‍ നിരക്കുകള്‍ കുറച്ച് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്്. പുതിയ നിരക്ക് പ്രകാരം റജിസ്‌ട്രേഷന് 300 യു എസ് ഡോളറും ഒരു സെമസ്റ്ററിനുള്ള ട്യൂഷന്‍ ഫീ 700 യു എസ് ഡോളറും നല്‍കിയാല്‍ മതിയാകും. താമസിച്ച് പഠിക്കുന്നവര്‍ക്ക് ആവശ്യമായ തുക വേറെ നല്‍കണം.

പ്ലസ് ടു പഠനം ഗള്‍ഫ് രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന കോഴ്‌സുകളില്‍ പ്രവേശനം നേടുന്നത് പ്രയാസമായി തുടരുന്ന സാഹചര്യത്തിലാണ് മാനവ വിഭവ മന്ത്രാലയത്തിന് കീഴിലെ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ടെക്‌നിക്കല്‍ മേഖലയില്‍ തുടര്‍ പഠനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ എന്‍ ആര്‍ ഐ കോട്ടയുടെ കുറവും വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റവും ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ കുറക്കുകയായിരുന്നു.

പ്ലസ് ടു വരെ ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനം ഗുണുകരമാകുമെന്നും ഏറെ കാലമായി ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ഇതിന്ന് സാധിച്ചേക്കുമെന്നും സി ബി എസ് ഇ പ്രീ എക്‌സാം കൗണ്‍സിലര്‍ ഡോ. ശ്രീദേവി പി താഷ്‌നാഥ് പറഞ്ഞു. രജിസ്‌ട്രേഷന്‍, ട്യൂഷന്‍ നിരക്കുകള്‍ കുറയുന്നത് സാധരണക്കാരായ പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അവസരമൊരുക്കുമെന്നും അവര്‍ പറഞ്ഞു.
പൊതു പരീക്ഷകളിലും മത്സര പരീക്ഷകളിലും പങ്കെടുത്ത് പരിചയം ഇല്ലാത്തത് ജി സി സി രാജ്യങ്ങളില്‍ നിന്ന് നാട്ടിലെ കോളജുകളില്‍ അഡ്മിഷന് ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം നിഷേധിക്കുന്നുണ്ട്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികളും പ്രവേശന പരീക്ഷകളില്‍ പരാജയപ്പെടുകയാണ്.