ഇന്ത്യ പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്

Posted on: March 17, 2016 10:35 am | Last updated: March 17, 2016 at 3:17 pm

india pakന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച.

ഭീകരവാദ വെല്ലുവിളികളെത്തുടര്‍ന്നു ദീര്‍ഘനാളുകളായി മാറ്റിവച്ചിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഇതോടെ പുനരാരംഭിക്കുകയാണ്. പത്താന്‍കോട് ഭീകരാക്രമണത്തെത്തുടര്‍ന്നു ജനുവരി 14 നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണു ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനമായത്. എന്നാല്‍, ജനുവരി രണ്ടിലെ പത്താന്‍കോട് ആക്രമണം ഇതിനെ പിന്നോട്ടടിച്ചു.

സുഷമ സ്വരാജിന്റെ ഇസ്‌ലാമാബാദ് സന്ദര്‍ശനശേഷം നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു ബാങ്കോക്കില്‍ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി. പത്താന്‍കോട് ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു പൊക്രയിലെ കൂടിക്കാഴ്ചയുടെ പ്രസക്തി.