Connect with us

Kerala

കേരളത്തിനും ഉണ്ടായിരുന്നു ഒരു പ്രധാനമന്ത്രി

Published

|

Last Updated

കൊച്ചി:ഐക്യകേരളത്തിന് മുമ്പ് തന്നെ രാജ്യത്തെ ആദ്യത്തെ നിയമനിര്‍മാണ സഭയും മന്ത്രിസഭയുമെല്ലാം രൂപീകൃതമായുള്ള കേരളത്തിന,് സ്വന്തമായൊരു പ്രധാനമന്ത്രിയുമുണ്ടായിരുന്നു. അതും പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. 1948 ല്‍ രൂപീകൃതമായ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭയില്‍ പട്ടംതാണുപിള്ളയായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 സെപ്തംബറില്‍ ഉത്തരവാദഭരണം അനുവദിച്ച മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ഭരണനിര്‍മാണസഭ (ട്രാവന്‍കൂര്‍ റെപ്രസെന്റേറ്റീവ് ബോഡി) യിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഈ സഭയെയാണ് പിന്നീട് “നിയമസഭ”യാക്കി അംഗീകരിച്ചത്. അതോടെയാണ് 1948 ഒക്ടോബര്‍ 22ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയും സി കേശവന്‍, ടിഎം വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായി ആദ്യത്തെ ജനകീയമന്ത്രിസഭ അധികാരത്തില്‍ വന്നത്. പിന്നീട് 1948 ഒക്‌ടോബറില്‍ പറവൂര്‍ ടി കെ നാരായണപിള്ള പ്രധാനമന്ത്രിയായി. 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വരുന്നതുവരെ ജനകീയ മന്ത്രിസഭ തുടര്‍ന്നു. തിരുകൊച്ചി സംയോജനത്തെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിയായി മാറിയത്. പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണപിള്ള തന്നെ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.1956 നവംബര്‍ ഒന്നിന് ഐക്യകേരളം രൂപം കൊള്ളുന്നത് വരെ സി കേശവന്‍,എ ജെ ജോണ്‍, പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ ജനകീയ മന്ത്രിസഭയില്‍ മുഖ്യമന്ത്രിമാരായി.
തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലും സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. തിരുവിതാംകൂറിലും കൊച്ചിയിലും മഹാരാജാക്കന്മാര്‍ക്ക് കീഴിലുള്ള സഭകളിലേക്കാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. മലബാര്‍, മദ്രാസ് സ്‌റ്റേറ്റിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് മദ്രാസ് സഭകളിലേക്കാണ് മലബാറില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തത്. പരിമിതമായ അധികാരങ്ങളേ ഈ സഭകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.
സ്വാതന്ത്ര്യത്തിനുശേഷം 1949 ജൂലൈ ഒന്നിനാണ് കൊച്ചിയിലും തിരുവിതാംകൂറിലും നിലനിന്ന രാജഭരണം അവസാനിച്ചത്. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് “തിരുകൊച്ചി”യായി. കൊച്ചിരാജാവ് പരീക്ഷത്ത് തമ്പുരാന്‍ പെന്‍ഷന്‍ വാങ്ങി സാധാരണ പൗരനാവുകയും തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ പുതിയ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് തുല്യമായ രാജപ്രമുഖനാവുകയുമായിരുന്നു. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറും ഒന്നിച്ച് 1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വരികയും പിന്നീട് 1957 ഏപ്രില്‍ 5ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തതോടെയാണ് ഇന്നത്തെ തരത്തിലുള്ള പൊതു തിരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങിയത്.