Connect with us

Kerala

സി പി എം സ്ഥാനാര്‍ഥി നിര്‍ണയം; ആശയക്കുഴപ്പം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി നിരസിച്ച പേരുകള്‍ ജില്ലാ കമ്മിറ്റികള്‍ വീണ്ടും സമര്‍പ്പിച്ചതോടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ സി പി എമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപമുണ്ടാക്കാനായില്ല. തര്‍ക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും പട്ടിക നല്‍കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
രണ്ടില്‍ കൂടുതല്‍ പേരുകള്‍ നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റുകളുടെ നടപടിക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. പുതുക്കിയ പട്ടിക ഉടന്‍ നല്‍കണമെന്നും ജയസാധ്യതയുള്ള ഒന്നോ രണ്ടോ പേരുകളില്‍ പട്ടിക ചുരുങ്ങണമെന്നും സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കി.
പി രാജീവിനെ മത്സരിപ്പിക്കേണ്ടെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം മറികടന്ന് വീണ്ടും രാജീവിന്റെ പേര് നിര്‍ദേശിച്ച നടപടിയും വിമര്‍ശിക്കപ്പെട്ടു. രണ്ടാം തവണയും സംസ്ഥാന സെക്രട്ടേറിയറ്റ് രാജീവിന്റെ പേര് തള്ളിയതോടെ തൃപ്പൂണിത്തുറയില്‍ മറ്റൊരാളെ ജില്ലാ സെക്രട്ടേറിയറ്റിന് കണ്ടെത്തേണ്ടിവരും.
പി കെ ഗുരുദാസന് ഇളവ് നല്‍കാനാകില്ലെന്ന് സെക്രട്ടേറിയറ്റില്‍ തീരുമാനമായതോടെ കൊല്ലത്തും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരും. വി എസ് പക്ഷത്തെ വെട്ടിനിരത്തിയതായ പരാതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്. ഏഴ് പേരുടെ പാനല്‍ നല്‍കിയതിനാല്‍ ആറന്മുളയില്‍ എങ്ങനെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന ചോദ്യവും സെക്രട്ടേറിയറ്റിലുണ്ടായി. എറണാകുളത്തും സ്ഥാനാര്‍ഥി നിര്‍ണയം സി പി എമ്മിന് കീറാമുട്ടിയായിരിക്കുകയാണ്.
എറണാകുളം ജില്ലയില്‍ 10 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സി പി എമ്മിന് മൂന്നിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കല്‍ പോലുമായിട്ടില്ല. തൃശൂര്‍ വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയുടെ സ്ഥാനാര്‍ഥിത്വവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കയറില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വടക്കാഞ്ചേരിക്ക് വേണ്ടെന്ന പറഞ്ഞുള്ള കൈയെഴുത്ത് പോസ്റ്ററുകള്‍ വടക്കാഞ്ചേരിയില്‍ പതിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റുകള്‍ ജയസാധ്യതയുള്ളവരുടെ പട്ടിക സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെടും. സ്ഥാനാര്‍ഥി പട്ടികയുണ്ടാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് 20ന് വീണ്ടും യോഗം ചേരും.