ആരോഗ്യ പ്രശ്‌നങ്ങളാല്‍ പഠനം നിര്‍ത്തുന്നവര്‍ക്ക് കാലിക്കറ്റില്‍ തുടര്‍പഠനത്തിന് അനുമതി

Posted on: March 17, 2016 10:01 am | Last updated: March 17, 2016 at 10:01 am

university of calicutതേഞ്ഞിപ്പലം: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് അസുഖം ഭേഭമായാല്‍ വരും വര്‍ഷങ്ങളില്‍ അതേ കോഴ്‌സിന് മുമ്പ് പഠിച്ച ക്ലാസില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. മതിയായ കാരണങ്ങള്‍ രേഖാമൂലം സര്‍വകലാശാലയെ ബോധിപ്പിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഇത്തരക്കാര്‍ക്ക് സീറ്റിന്റെ ലഭ്യത നോക്കാതെ തന്നെ പുന: പ്രവേശനം നല്‍കാനാണ് തീരുമാനം.

വിദ്യാര്‍ത്ഥിക്ക് പുന: പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വിവേചനാധികാരമുള്ള വൈസ് ചാന്‍സലറെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. അഞ്ചേ മുക്കാല്‍ കോടി രൂപ ചെലവഴിച്ച് സര്‍വകലാശാല ക്യാമ്പസില്‍ പണിയുന്ന സ്വിമ്മിംഗ് പൂളിന് ടെന്‍ഡര്‍ അംഗീകരിച്ചു. പരീക്ഷകള്‍, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍, സിന്‍ഡിക്കേറ്റ് എന്നിവ നടത്തുന്നതിനായി വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കും. ഇന്റര്‍സോണ്‍ ഉണ്ടെങ്കിലും പരീക്ഷകള്‍ നേരത്തെ തീരുമാനിച്ചത് പ്രകാരം തന്നെ നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സമയം നീട്ടി നല്‍കും. സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലെ പ്രശ്‌ന പരിഹാരത്തിന് വിശദ പഠനം നടത്താന്‍ ഉപസമിതിയെ നിയോഗിച്ചു.
അണ്‍ എയ്ഡഡ് കോളേജുകളില്‍ പഠിക്കുന്ന എസ്.സി, എസ്.റ്റി വിഭാഗം വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാറില്‍ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് സിന്‍ഡിക്കേറ്റ് സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്തു. സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് അവധി അനുവദിക്കുന്നതിന് സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേഭഗതിക്ക് സിന്‍ഡിക്കേറ്റ് സര്‍ക്കാറിന്റെ അനുമതി തേടി. ഇതിന് പുറമേ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ സിന്‍ഡിക്കേറ്റ് അംഗത്വം പുന: സ്ഥാപിക്കുകയും ചെയ്തു. നാല് പേര്‍ക്ക് പി എച്ച് ഡിയും നല്‍കി.