Connect with us

Kerala

ലോട്ടറി ടിക്കറ്റുകള്‍ സ്വകാര്യ പ്രസില്‍ അടിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുളള കരാര്‍ സ്വകാര്യപ്രസ്സിനു നല്‍കാനുള്ള നികുതി വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും. ലോട്ടറി അച്ചടിച്ചുകൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയുടെ മറവില്‍, സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസ്സിന്് അനുമതി നല്‍കാനുള്ള തീരുമാനമാണ് പിന്‍വലിക്കുക. സര്‍ക്കാര്‍ തീരുമാനം വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാന ലോട്ടറി സി ആപ്റ്റ്, കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ ബി പി എസ്) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ത്തന്നെ അച്ചടിക്കുമെന്നും സ്വകാര്യപ്രസ്സുകള്‍ക്ക് അച്ചടി നല്‍കാന്‍ തീരുമാനമെടുത്തുവെന്ന വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ലോട്ടറി അച്ചടിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കുന്നത്. ലോട്ടറി വില്‍പ്പന ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ അച്ചടിയില്‍ കാലതാമസമുണ്ടാവുമോയെന്ന് ആശങ്കയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന മുഴുവന്‍ ഓര്‍ഡറും സ്വീകരിച്ച് യഥാസമയം അച്ചടിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കെ ബി പി എസ് അറിയിച്ച സാഹചര്യത്തിലാണ് അവര്‍ക്കുതന്നെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ 60 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കേണ്ടിവരുന്നത്.

സ്ത്രീശക്തി ലോട്ടറി കൂടി വരുന്നതോടെ അത് 90 ലക്ഷമായി വര്‍ധിക്കും. ഇത്രയധികം ലോട്ടറികള്‍ എല്ലാദിവസവും കാലതാമസം കൂടാതെ അച്ചടിക്കാന്‍ കെ ബി പി എസ്സിനും സി-ആപ്റ്റിനും കഴിയുമോയെന്നായിരുന്നു ആശങ്ക. ഒരുദിവസം ലോട്ടറി അച്ചടി മുടങ്ങിയാല്‍ വില്‍പ്പനയെയും ഏജന്റുമാരുടെ വരുമാനത്തെയും ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി സെക്രട്ടറിയുടെ നേതൃത്വത്തില്‍ അച്ചടി കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നത്. ഇതിനായി മൂന്നംഗവിദഗ്ധസമിതിയെ നിയോഗിച്ച് പരിശോധിച്ചു. കറന്‍സി നോട്ടുകള്‍ പോലെ തന്നെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയിലും കര്‍ശന സുരക്ഷ വേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വകാര്യപ്രസ്സുകള്‍ക്ക് ഒരു രൂപയുടെ ടിക്കറ്റ് പോലും അച്ചടിക്കാന്‍ ഓര്‍ഡര്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നിലവില്‍ പ്രതിവാരം 3.15 കോടി ടിക്കറ്റുകളാണ് കെ ബി പി എസ് അച്ചടിക്കുന്നത്. സി-ആപ്റ്റാവട്ടെ 75 ലക്ഷവും. അധികമായി നല്‍കുന്ന 40 ലക്ഷം ടിക്കറ്റുകള്‍ അടക്കം കൃത്യമായി അച്ചടിക്കാമെന്ന് കെബിപിഎസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായും അവര്‍ അറിയിച്ചിട്ടുണ്ട്. കെബിപിഎസ്സിന്റെ കാര്യക്ഷമതയില്‍ സര്‍ക്കാരിന് സംതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു പ്രസ്സിനെയും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2010-11 സാമ്പത്തികവര്‍ഷം പ്രതിവര്‍ഷം 557.6 കോടി ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ടിക്കറ്റ് വില്‍പ്പന 5,590 കോടി കവിഞ്ഞു. ഇത് 6250 കോടിയിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest