പേരാമ്പ്രയില്‍ വിജയം ആവര്‍ത്തിക്കാന്‍ എല്‍ ഡി എഫ്; പ്രതീക്ഷ വിടാതെ യു ഡി എഫ്

Posted on: March 16, 2016 1:13 pm | Last updated: March 16, 2016 at 1:13 pm

പേരാമ്പ്ര: ഇടത് പക്ഷ ആഭിമുഖ്യത്തിന്റെയും, കര്‍ഷകസമരത്തിന്റെയും ഒളിമങ്ങാത്ത ഓര്‍മകള്‍ അയവിറക്കുന്ന വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര അസംബ്ലി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം ഇനിയും തെളിഞ്ഞില്ല. ഇതുവരെ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 11 ലും എല്‍ ഡി എഫാണ് വിജയിച്ചത്. ഇത്തവണയും തങ്ങളോടൊപ്പമായിരിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. എന്നാല്‍ യു ഡി എഫും ആഗ്രഹം കൈവിടുന്നില്ല. സി പി എം മുന്‍ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനെ എല്‍ ഡി എഫ് രംഗത്തിറക്കുമെന്നാണ് സൂചന. 2001 ല്‍ പേരാമ്പ്രയെ പ്രതിനിധീകരിച്ച് ഇദ്ദേഹം നിയമ സഭയിലെത്തിയിരുന്നു. കോണ്‍ഗ്രസില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പേരാമ്പ്ര സീറ്റ് വിട്ടുനല്‍കാന്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) തയ്യാറാകില്ലെന്നാണറിയുന്നത്.

കഴിഞ്ഞതവണ ഇവിടെ മത്സരിച്ച് തോറ്റ കേരള കോണ്‍ഗ്രസിലെ അസ്വ. മുഹമ്മദ് തന്നെ ഇത്തവണ പേരാമ്പ്രയില്‍ മത്സരിക്കണമെന്ന ആഗ്രഹം പലരും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, അരിക്കുളം, കീഴരിയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ തുടങ്ങിയ പത്ത് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പേരാമ്പ്ര നിയമസഭാ മണ്ഡലം. കിഴക്ക് വയനാടന്‍ മലനിരകളും പടിഞ്ഞാറ് കൊയിലാണ്ടി മണ്ഡലവും തെക്ക് ബാലുശ്ശേരിയും വടക്ക് കുറ്റിയാടിയുമാണ് പേരാമ്പ്രയുടെ അതിര്‍ത്തി പ്രദേശങ്ങള്‍. കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം, കോഴിക്കോടും പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജപ്പാന്‍ പദ്ധതിയുടെ ആസ്ഥാനം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം, മലബാര്‍ വന്യജീവി സങ്കേതം, ജില്ലാ കൃഷിഫാം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്‌റ്റേറ്റ് തുടങ്ങിയവയെല്ലാം ഈ മണ്ഡലത്തിലാണ്. 2011ലെ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ, നടുവണ്ണൂര്‍ പഞ്ചായത്തുകള്‍ പേരാമ്പ്രയില്‍ നിന്ന് ബാലുശ്ശേരി മണ്ഡലത്തിലേക്ക് മാറുകയും പഴയ മേപ്പയ്യൂര്‍ മണ്ഡലത്തിന്റെ ഭാഗമായ മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി മണ്ഡലത്തിന്റെ ഭാഗമായ കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളും പേരാമ്പ്രയിലേക്ക് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

സി പി ഐയിലെ മീത്തില്‍ കുമാരനാണ് പേരാമ്പ്രയിലെ ആദ്യ എം എല്‍ എ. 1960 ലെ രണ്ടാം തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പി കെ നാരായണന്‍ നമ്പ്യാര്‍ 10800 വോട്ടിന് വിജയിച്ചു. 1965 ല്‍ സി പി എമ്മിലെ വി വി ദക്ഷിണാമൂര്‍ത്തി കോണ്‍ഗ്രസ്സിലെ കെ ടി കുഞ്ഞിരാമന്‍ നായരെ 8860 വോട്ടിന് പരാജയപ്പെടുത്തി. 1967 ല്‍ ദക്ഷിണാമൂര്‍ത്തി വീണ്ടും എം എല്‍ എ യായി. എന്നാല്‍ 1970 ല്‍ കെ ജി അടിയോടിയിലൂടെ കോണ്‍ഗ്രസ്സ് പേരാമ്പ്ര പിടിച്ചെടുത്തു. രണ്ടാം അങ്കത്തിനിറങ്ങിയ മൂര്‍ത്തിയേക്കാള്‍ 4079 വോട്ടുകളുടെ വ്യത്യാസത്തിലാണ് അടിയോടി വെന്നിക്കൊടി പാറിച്ചത്. 1977ല്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്് കേരളാ കോണ്‍ഗ്രസ്സ് (എം) ന് വിട്ടുനല്‍കുകയായിരുന്നു. ഇപ്പോള്‍ മാണികോണ്‍ഗ്രസ്സ് വിട്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ കൂടെ പോയ ഡോ. കെ സി ജോസഫ് മൂന്നാം തവണയും മത്സരത്തിനിറങ്ങി ദക്ഷിണാ മൂര്‍ത്തിയെ 773 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു.

എന്നാല്‍ 1980 ല്‍ മൂര്‍ത്തി മാഷിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സി പി എമ്മിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മാണികോണ്‍ഗ്രസ്സിലെ കെ എ ദേവസ്യയെ 9468 വോട്ടിനാണ് അദ്ദേഹം തോല്‍പ്പിച്ചത്. 82ലും 87 ലും സി പി എം എ.കെ. പത്മനാഭനെ മത്സരിപ്പിച്ച് വിജയിപ്പിച്ചപ്പോള്‍ മറുഭാഗത്ത് ദേവസ്യ തന്നെയായിരുന്നു എതിരാളി. 82ല്‍ 6723 വോട്ടിന് തോറ്റു. 91 ലും 96 ലും സി പി എം വിജയിച്ചു. 2001 ല്‍ സി പി എമ്മിലെ ടി പി രാമകൃഷ്ണനെതിരെ മത്സരിച്ച മാണികോണ്‍ഗ്രസ്സിലെ പി ടി ജോസ് പരാജയപ്പെട്ടു. 2006 ല്‍ മുന്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റായ കെ കുഞ്ഞമ്മദിനെയാണ് സി പി എം ഇറക്കിയത്. ഇദ്ദേഹം മാണികോണ്‍ഗ്രസ്സിലെ ജയിംസ് തെക്കനാടനെ 10640 വോട്ടിന് മുട്ടുകുത്തിച്ചു. 2011 ല്‍ കുഞ്ഞമ്മദ് ചരിത്ര ഭൂരിപക്ഷം നേടി വിജയം ആവര്‍ത്തിച്ചു. എതിരാളിയായ യൂത്ത്ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഇഖ്ബാലിനെ 15269 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇവിടെ ഒരങ്കത്തിന് കൂടിയുള്ള തെയ്യാറെടുപ്പിലാണ് മുഹമ്മദ് ഇഖ്ബാല്‍. 2011 മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 51.9% ഇടതു മുന്നണിക്ക് ലഭിച്ചു. എല്‍ ഡി എഫിന് 70248 വോട്ടും യു ഡി എഫിന് 54979 വോട്ടും ലഭിച്ചു. ബി.ജെ.പി. 7214, എസ് ഡി പി ഐ1 494, ബി എസ് പി 598, സ്വതന്ത്രന്‍ 801 വോട്ടും നേടി. എന്നാല്‍ 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സിലെ മുല്ലപ്പള്ളി രാമചന്ദ്രന് 1175 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ് 63012, എല്‍.ഡി.എഫ് 61837, ബി.ജെ.പി 9325 എന്നിങ്ങനെ നേടി. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടല്‍ 2111 വോട്ടാണ് ബി ജെ പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിന്നും ലഭിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ എട്ടും ഭരിക്കുന്നത് ഇടതു മുന്നണിയാണ്. പത്തു പഞ്ചായത്തിലേയും കൂടി 154 വാര്‍ഡുകളില്‍ 95 ല്‍ എല്‍.ഡി.എഫും 58ല്‍ യു.ഡി.എഫും ഒരു വാര്‍ഡില്‍ ബി.ജെ.പിയും മാണ് വിജയിച്ചത്. നൊച്ചാട്,

അരിക്കുളം, മേപ്പയ്യൂര്‍ പഞ്ചായത്തുകള്‍ ഇടതു മുന്നണിക്ക് വന്‍ മേധാവിത്വം നല്‍കുന്നു. കീഴരിയൂര്‍, കൂത്താളി, പേരാമ്പ്ര, പഞ്ചായത്തുകളില്‍ നേരിയ മുന്‍തൂക്കവും ഇടതിനുണ്ട്.നിലവില്‍ യു ഡി എഫ് ഭരണത്തിലുള്ള ചങ്ങരോത്തും തുറയൂരും കൂടാതെ ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലും ഐക്യമുന്നണിക്കാണ് മേല്‍ക്കൈ. ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകളില്‍ മുസ്ലീം സമുദായവും ചക്കിട്ടപ്പാറയില്‍ ക്രിസ്ത്യന്‍ വിഭാഗവുമാണ് ഭൂരിപക്ഷം. ചെറുവണ്ണൂരിലും പേരാമ്പ്രയിലും കൂത്താളിയിലും തരക്കേടില്ലാത്ത ന്യൂനപക്ഷ വോട്ടുകള്‍ ഉണ്ട്. പേരാമ്പ്ര മണ്ഡലത്തില്‍ 175659 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതില്‍ 8642 പേര്‍ കന്നി വോട്ടര്‍മാരാണ്. 2011 ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 16609 വോട്ടര്‍മാര്‍ മണ്ഡലത്തില്‍ കൂടുതലുണ്ട്. ഇനിയും പേര് കൂട്ടി ചേര്‍ക്കാന്‍ അവസരമുള്ളതുകൊണ്ട് വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.