പുടിന്‍ ഉത്തരവിട്ടു; റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിറിയയില്‍ നിന്ന് മടക്കം തുടങ്ങി

Posted on: March 16, 2016 12:05 pm | Last updated: March 16, 2016 at 12:05 pm

putinമോസ്‌കോ: ഇസില്‍ വിരുദ്ധയുദ്ധത്തിലേര്‍പ്പെട്ട റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉത്തരവിട്ടു. പുടിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യഘട്ട യുദ്ധവിമാനങ്ങള്‍ സിറിയയില്‍ നിന്ന് തിരിച്ചുപുറപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായ പ്രഖ്യാപനം പുടിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിനും സിറിയന്‍ പ്രസിഡന്റ് അസദും ഫോണ്‍ വഴി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെന്നും ഇതേ തുടര്‍ന്നാണ് യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും സിറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഇരു വിഭാഗത്തിനും ഇടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായത് കൊണ്ടാണ് പിന്‍വലിക്കാനുള്ള തീരുമാനമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും റഷ്യയുടെ ഇടപെടല്‍ നല്ല ഗുണം ചെയ്തുവെന്നും ഓഫീസ് കൂട്ടിച്ചേര്‍ത്തു.

അഞ്ചരമാസമായി റഷ്യ സിറിയയില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. റഷ്യയുടെ സഹായത്തോടെ സിറിയന്‍ പ്രസിഡന്റിന്റെ സൈന്യം രാജ്യത്തെ വലിയൊരു ഭാഗം തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ജനീവയിലെ സിറിയന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുകയാണ്.

യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും എത്ര യുദ്ധവിമാനങ്ങളെന്നോ എത്ര സൈനികരെന്നോ എന്നൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സിറിയയില്‍ നാവിക, വ്യോമ കേന്ദ്രങ്ങളെയും കുറച്ചു സൈന്യത്തെയും നിലനിര്‍ത്തുമെന്നും പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിലെ റഷ്യന്‍ സൈന്യത്തിന്റെ എണ്ണവും ഇതുവരെ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുമില്ല. എന്നാല്‍ യു എസ് കണക്കുകള്‍ പ്രകാരം 3,000 മുതല്‍ 6,000 വരെ റഷ്യന്‍ സൈനികര്‍ സിറിയയിലുണ്ടെന്നാണ് നിഗമനം.

സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം നാറ്റോയുമായി റഷ്യക്കുണ്ടായിരുന്ന അസ്വാരസ്യം അവസാനിപ്പിക്കാനും സിറിയയിലെ സമാധാന ദൗത്യത്തിലേര്‍പ്പെടാനും സഹായകരമാകും. തുര്‍ക്കിയും ഗള്‍ഫ് രാജ്യങ്ങളും റഷ്യയുടെ സിറിയന്‍ സൈനിക നടപടിയെ വിമര്‍ശിച്ചിരുന്നു.
യുദ്ധവിമാനങ്ങള്‍ സിറിയയില്‍ നിന്ന് പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സിറിയയില്‍ ഇപ്പോഴും റഷ്യക്ക് ഇടപെടാന്‍ അവസരമുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.