മാഹിയിലും തിരഞ്ഞെടുപ്പ് ചൂട്

Posted on: March 16, 2016 10:09 am | Last updated: March 16, 2016 at 10:09 am

മാഹി:കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മാഹിയെന്ന കേന്ദ്ര ഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് ചൂട് പടരുന്നു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നായ മയ്യഴിയിലും കേരളത്തിലൊപ്പം തന്നെയാണ് ഇക്കുറിയും തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിലെ 30 മണ്ഡങ്ങളിലൊന്നാണ് മാഹി. ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി നിയമസഭാ മണ്ഡലത്തിലുള്ളത് 29,181 വോട്ടര്‍മാര്‍മാത്രമാണെങ്കിലും കേരളത്തിലേത് പോലെ വീറും വാശിയുമുള്ള തിരഞ്ഞെടുപ്പ് തന്നെയാണ് ഇവിടെയും നടക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മണ്ഡലമായിരുന്ന മാഹിയെ ജനസംഖ്യാടിസ്ഥാനത്തിലെ വിഭജനം വന്നപ്പോള്‍ നിലവിലുണ്ടായിരുന്ന മാഹിയും പള്ളൂരും ചേര്‍ത്ത് ഒറ്റ മണ്ഡലമാക്കി മാറ്റി.
പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹിയിലെ രാഷ്ട്രീയം കേരളത്തിന് സമാനമാണ്. കോണ്‍ഗ്രസും സി പി എമ്മുമാണ് പ്രധാന കക്ഷികള്‍. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന മാഹി മണ്ഡലം 1985ല്‍ കോണ്‍ഗ്രസ് സ്വന്തമാക്കുകയായിരുന്നു. സി പി എമ്മിലെ കെ വി രാഘവനെ തോല്‍പിച്ചു കോണ്‍ഗ്രസിലെ പി കെ സത്യാനന്ദനാണ് സീറ്റ് പിടിച്ചത്. പിന്നീടിതുവരെ വിട്ടുകൊടുത്തിട്ടില്ല. 1990ല്‍ കോണ്‍ഗ്രസിലെ ഇ വത്സരാജ് മാഹി എം എല്‍ എയായി. 2011ല്‍ വത്സരാജ് ഡബിള്‍ ഹാട്രിക്കും നേടി. രണ്ടുതവണ മന്ത്രിയായ വത്സരാജ് ആഭ്യന്തരം, ആരോഗ്യം ഉള്‍പ്പെടെ ഒമ്പതു വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഏഴാം തവണയും വത്സരാജനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശിപാര്‍ശ. മുന്‍ പള്ളൂര്‍ എം എല്‍ എ. എ വി ശ്രീധരന്‍, പി പി വിനോദന്‍, രമേഷ് പറമ്പത്ത്, കെ മോഹനന്‍തുടങ്ങിയവരും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്.
അഡ്വ. അശോക് കുമാര്‍, മനോളി മുഹമ്മദ് എന്നിവരുടെ പേരുകളാണു സി പി എം പരിഗണിക്കുന്നത്. 2011ല്‍ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞു മത്സരിച്ചു 15 സീറ്റ് നേടിയ എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍ ആര്‍ കോണ്‍ഗ്രസിനാണ് നിലവില്‍ പുതുച്ചേരി ഭരണം.
കോണ്‍ഗ്രസിനൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗും ഡി എം കെയുമുണ്ടായിരുന്നു. പുതിയ സഖ്യങ്ങളെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ല. ഇടതുമുന്നണിയായിട്ടാണു സി പിഎം മത്സരം. മാഹിയില്‍ മാത്രമാണ് അവര്‍ക്ക് കാര്യമായ സ്വാധീനമുള്ളത്. ബി ജെ പി കഴിഞ്ഞതവണ എന്‍ ആര്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു.