വിജയ സാധ്യതയുള്ള സീറ്റില്ല; കടന്നപ്പള്ളി ഇടയുന്നു

Posted on: March 16, 2016 10:05 am | Last updated: March 16, 2016 at 10:06 am

kadanappalliകോഴിക്കോട്:രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഉറച്ച സീറ്റ് വേണമെന്ന ആവശ്യം സി പി എം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എസില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടിക്ക് ഒരു സീറ്റെങ്കില്‍ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഉറച്ച സീറ്റെന്നതാണ് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടതെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച കണ്ണൂര്‍ സീറ്റ് മാത്രമെ അനുവദിക്കുകയുള്ളുവെന്നാണ് സി പി എം നേതൃത്വത്തിന്റെ നിലപാട്.

തിരുവനന്തപുരം എ കെ ജി സെന്ററില്‍ നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ സി പി എം നേതൃത്വത്തിന്റെ കടും പിടുത്തത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സെക്രട്ടറി ജനറല്‍ കെ ശങ്കര നാരായണപിള്ള, ടി വി വര്‍ഗീസ് എന്നിവര്‍ ഇറങ്ങിപോകുകയായിരുന്നു.
1980 മുതല്‍ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് എസ് മുന്നണിയിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളുന്ന പാര്‍ട്ടിയാണെന്ന് സി പി എം നേതാക്കള്‍ പോലും വിലയിരുത്തപ്പെടുന്ന പാര്‍ട്ടിയുമാണ്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഈ അടുപ്പവും സ്‌നേഹവുമൊന്നും സി പി എം കാണിക്കാറില്ല.
കോണ്‍ഗ്രസ് എസ് ഇത്തവണ ആവശ്യപ്പെട്ടത് രണ്ട് സീറ്റായിരുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മുന്‍ മന്ത്രി കെ ശങ്കര നാരായണ പിള്ളക്കും. പിന്നീട് ഒരു സീറ്റ് മാത്രമെ അനുവദിക്കുകയുള്ളൂവെന്നായപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് കടന്നപ്പള്ളിക്ക് ജയ സാധ്യതയുള്ള സീറ്റായിരുന്നു.
എന്നാല്‍ ജയ സാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ സി പി എം തയ്യാറായില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കണ്ണൂര്‍ സീറ്റ് എടുത്തു കൊള്ളാന്‍ സി പി എം നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി സി പി എം നിലപാടില്‍ സഹികെട്ടാണ് കോണ്‍ഗ്രസ് എസ് നേതാക്കള്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്.
2011 ല്‍ കോണ്‍്ഗ്രസിലെ എ പി അബ്ദുല്ലക്കുട്ടിയോടെ മത്സരിച്ച് കടന്നപ്പള്ളി പരാജയപ്പെടുകയായിരുന്നു. 2006 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രന്‍ കടന്നപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആദ്യം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നുമില്ല. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത്. എന്നും എന്തിനും മുന്നണിയോടും സി പി എമ്മിനോടും കൂടെ നിന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ് എസിന്റേത്.
കണ്ണൂര്‍ സീറ്റാണെങ്കില്‍ മത്സരിക്കാതെ മാറി നില്‍ക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിര്‍ദേശം. സീറ്റ് നിഷേധിക്കപ്പെട്ട് കടന്നപ്പള്ളി മത്സരിക്കാതെ മാറി നില്‍ക്കുന്നത് എല്‍ ഡി എഫിനും നാണക്കേടുണ്ടാക്കും. മൂന്നര പതിറ്റാണ്ടിലേറെയായി മുന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോണ്‍ഗ്രസ് എസിനെ സി പി എം എന്നും അവഗണിച്ചിട്ടേയുള്ളുവെന്ന് ഒരു മുതിര്‍ന്ന നേതാവ് സിറാജിനോട് പറഞ്ഞു.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ അംഗങ്ങളെ നല്‍കുന്ന കാര്യത്തിലും ഇത് പ്രകടമായിരുന്നു. ഏതായാലും പാര്‍ട്ടിയുടെ ആവശ്യം സി പി എം അംഗീകരിക്കാത്ത സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ പി സി സി എസിന്റെ അടിയന്തിര കമ്മിറ്റി യോഗം നാളെ വിളിച്ച് ചേര്‍ത്തിരിക്കുകയാണ്.